അബുദാബി: യുഎഇയിലെ റോഡുകളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്ത ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്ന പിഴ മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ആംബുലന്‍സുകള്‍, പൊലീസ് വാഹനങ്ങള്‍, ഔദ്യോഗിക പരേഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കാത്തവരില്‍ നിന്ന് 3000 ദിര്‍ഹം വീതം ഇനി പിഴ ഈടാക്കും.

പിഴയ്ക്ക് പുറമെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ച് വെയ്ക്കുകയും ഡ്രൈവര്‍മാര്‍ക്ക് ആറ് ബ്ലാക് പോയിന്റുകള്‍ നല്‍കുകയും ചെയ്യും.  ജൂലൈ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഗതാഗത അപകടങ്ങള്‍ കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാനുമായാണ് നിയമം കര്‍ശനമാക്കുന്നത്. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം.  ഡ്രൈവര്‍മാര്‍ എമര്‍ജന്‍സി സൈറനുകളും ഇത്തരം വാഹനങ്ങളുടെ ലൈറ്റുകളും ശ്രദ്ധിക്കണമെന്നും അവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.