റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ശാം പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ പൊലീസ് സംഘം ഹെലികോപ്‍റ്ററിലെത്തി രക്ഷിച്ചു. നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്ററിന്റെ സഹായത്തോടെയായിരുന്നു ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പര്‍വതത്തിന് മുകളില്‍ കയറിയ ഇയാള്‍ക്ക് അവിടെ വെച്ച് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താഴേക്ക് ഇറങ്ങാന്‍ കഴിയാതെയായി. രാവിലെ 11.16നാണ് അധികൃതര്‍ക്ക് സഹായ അഭ്യര്‍ത്ഥന ലഭിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തുകയും ഹെലികോപ്റ്ററിലെത്തി രക്ഷപെടുത്തുകയുമായിരുന്നു. സഖര്‍ ആശുപത്രിയിലേക്കാണ് പരിക്കേറ്റയാളെ കൊണ്ടുപോയത്. 

പര്‍വതങ്ങളിലും മറ്റും സാഹസിക യാത്രയ്ക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്റര്‍ ആവശ്യപ്പെട്ടു. ആശുയവിനിമയത്തിനുള്ള എല്ലാ മാര്‍ഗങ്ങളും കൈയില്‍ കരുതുകയും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ പൊലീസിനെ വിവരമറിയിക്കുകയും വേണം. ഓരോ സമയത്തും എവിടെയാണെന്ന വിവരം കുടുംബാംഗങ്ങളെ അറിയിക്കണം. മഴയുള്ള സമയങ്ങളില്‍ പര്‍വത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.