രണ്ട് ലക്ഷത്തിലധികം പേർക്ക് താൽക്കാലിക യാത്രാരേഖകൾ സംഘടിപ്പിക്കാൻ വിവിധ രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുമായി ബന്ധപ്പെടുകയാണ് സൗദി അധികൃതർ

ദമാം: സൗദിയിൽ നിയമ ലംഘകർക്കായി പരിശോധന തുടരുന്നു. കഴിഞ്ഞ എട്ടുമാസത്തിനിടെ 15 ലക്ഷത്തോളം പേരാണ് പിടിയിലായത്. ഇഖാമ, തൊഴിൽ നിയമ ലംഘകരാണ് പിടിയിലായവരിൽ ഏറെയും. തിരിച്ചറിയൽ രേഖകളും പാസ്‌പോർട്ടുമില്ലാതെ പിടിയിലായ രണ്ട് ലക്ഷത്തിലധികം പേർക്ക് താൽക്കാലിക യാത്രാരേഖകൾ സംഘടിപ്പിക്കാൻ വിവിധ രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുമായി ബന്ധപ്പെടുകയാണ് സൗദി അധികൃതർ.

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച നാലുലക്ഷത്തോളം പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബർ 15 മുതൽ ജൂലൈ 26 വരെയുള്ള കാലയളവിലാണ് പതിനഞ്ചു ലക്ഷത്തോളം വിദേശികൾ പിടിയിലായതെന്ന് പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കി. ഇതിൽ 11,20,406 പേര് ഇഖാമ നിയമ ലംഘകരാണ്. 2,46,483 പേര്‍ തൊഴിൽ നിയമ ലംഘകരാണ്.

അതിർത്തികൾ വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 28,427 പേരെയും ഈ കാലയളവിൽ സുരക്ഷാ വിഭാഗം പിടികൂടി. പിടികൂടപ്പെട്ടവരിൽ തിരിച്ചറിയൽ രേഖകളും പാസ്‌പോട്ടുകളുമില്ലാത്ത 2,06,674 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അധികൃതർ അതാതു എംബസികളുടെയും കോൺസുലേറ്റുകളുടെയും സഹായം തേടി. ഇതിനകം 3,77,572 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.