കുഞ്ഞ് ജനിച്ചപ്പോള്‍ പിതാവ് ഹിന്ദു ആണെന്ന കാരണത്താല്‍ ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ആധികൃതര്‍ വിസമ്മതിച്ചു. എന്‍ഒസി സര്‍ട്ടിഫിക്കേറ്റിനായി കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളിപ്പോയി.

ദുബായ്: ഹിന്ദു-മുസ്ലീം ദമ്പതികള്‍ക്ക് വേണ്ടി നിയമഭേദഗതി നടത്തി യുഎഇ ഭരണകൂടം. ദമ്പതികളുടെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയാണ് യുഎഇ നിയമം തിരുത്തിയത്. യുഎഇയിലെ വിവാഹ നിയമ പ്രകാരം പ്രവാസികളായ താമസക്കാരില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്ക് ഇതര മതക്കാരെ വിവാഹം കഴിക്കാം. എന്നാല്‍ മുസ്ലീം സ്ത്രീകള്‍ക്ക് മറ്റ് മതത്തില്‍ നിന്നും വിവാഹം കഴിക്കാനുള്ള അവകാശമില്ല. 

2019 സഹിഷ്ണുത വര്‍ഷമായി യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നിയമം ഭേദഗതി ചെയ്യാന്‍ ഭരണകൂടം തയ്യാറായത്. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ കിരണ്‍ ബാബുവിന്‍റെയും സനം സബൂ സിദ്ദിഖിയുടെയും കുഞ്ഞിനാണ് യുഎഇ ജനന സര്‍ട്ടിഫിക്കേറ്റ് അനുവദിച്ചത്. 2016-ലാണ് ഇരുവരും വിവാഹിതരായത്. 2017-ല്‍ ഇവര്‍ ഷാര്‍ജയിലെത്തി. തൊട്ടടുത്ത വര്‍ഷമാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്.

 കുഞ്ഞ് ജനിച്ചപ്പോള്‍ പിതാവ് ഹിന്ദു ആണെന്ന കാരണത്താല്‍ ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ആധികൃതര്‍ വിസമ്മതിച്ചു. എന്‍ഒസി സര്‍ട്ടിഫിക്കേറ്റിനായി കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളിപ്പോയി. എന്നാല്‍ ഏപ്രില്‍ 14-ന് വിഷുക്കൈനീട്ടമായി ജനന സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയായിരുന്നെന്ന് കുഞ്ഞിന്‍റെ പിതാവ് പറഞ്ഞു. അനമ്ത അസ്‍ലിന്‍ കിരണ്‍ എന്നാണ് കുഞ്ഞിന്‍റെ പേര്.