Asianet News MalayalamAsianet News Malayalam

ജര്‍മനിയിലെ തൊഴിലവസരങ്ങളില്‍ നോര്‍ക്ക വഴി നിയമനം; ഇന്റര്‍വ്യൂ മേയ് നാല് മുതല്‍

പതിമൂവായിരത്തില്‍പരം അപേക്ഷകരില്‍  നിന്നും ഷോര്‍ട്‌ലിസ്റ്റ് ചെയ്ത നാനൂറോളം പേരുടെ ഇന്റര്‍വ്യൂ മേയ് നാല് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരം  ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്. 

Interviews for nurses recruitment to Germany from Kerala to be held from May 4
Author
Thiruvananthapuram, First Published Apr 26, 2022, 7:00 PM IST

തിരുവനന്തപുരം: ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിനുള്ള ഇന്റര്‍വ്യൂ മേയ് നാലിന് തുടങ്ങും. റിക്രൂട്ട്‌മെന്റ് യഥാര്‍ഥ്യമാകുന്നതോടെ ജര്‍മനിയിലേക്ക് സര്‍ക്കാറുകള്‍ തമ്മിലുള്ള  കരാര്‍ പ്രകാരം റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.

പതിമൂവായിരത്തില്‍പരം അപേക്ഷകരില്‍  നിന്നും ഷോര്‍ട്‌ലിസ്റ്റ് ചെയ്ത നാനൂറോളം പേരുടെ ഇന്റര്‍വ്യൂ മേയ് നാല് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരം  ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്. ജര്‍മനിയില്‍ നിന്നും എത്തുന്ന പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍മാരുടെ സംഘമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്സുമാര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ  ജര്‍മന്‍  ഏജന്‍സി  ഫോര്‍ ഇന്റര്‍നാഷണല്‍  കോഓപ്പറേഷന്‍ സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും.   ബി 1 ലവല്‍ പ്രാവീണ്യം നേടുന്ന മുറക്ക് ഇവര്‍ക്ക് ജര്‍മനിയിലേക്ക് വിസ അനുവദിക്കും. തുടര്‍ന്ന് ജര്‍മനിയില്‍ അസിസ്റ്റന്റ് നഴ്‌സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവല്‍ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.

ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഏപ്രില്‍ 29ന്
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്ക് ജര്‍മനിയിലെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്റര്‍വ്യൂ സംബന്ധമായ വിശദാശംങ്ങളും  ജര്‍മന്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിന് 'ഇന്‍സൈറ്റ് 2022' എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഫോര്‍ ഷോര്‍ട്ട് ലിസ്റ്റഡ് കാന്‍ഡിഡേറ്റ്‌സ് (ഐ.എസ്.എസ്.സി.) എന്ന  പ്രത്യേക പരിപാടിയും  നോര്‍ക്ക റൂട്ട്‌സ് ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 29ന് തിരുവനന്തപുരത്തെ  ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ സംഘടിപ്പിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെഷനില്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി ഡയറക്ടര്‍ മര്‍ക്കസ് ബീര്‍ച്ചര്‍, ജെര്‍മന്‍  ഏജന്‍സി  ഫോര്‍ ഇന്റര്‍നാഷണല്‍  കോഓപ്പറേഷന്‍ പ്രതിനിധികളായ ഉള്‍റിക് റെവെറി, ബജോണ്‍ ഗ്രൂബെര്‍,ഹോണറേറി കോണ്‍സുല്‍ ഡോ. സയീദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുക്കും. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍  പരിപാടി ഉദ്ഘാടനം ചെയ്യും.  നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ്,  നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മേനേജര്‍ അജിത് കോളശ്ശേരി എന്നിവര്‍ സംബന്ധിക്കും.

ഭാഷാ പ്രാവീണ്യമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇതിനു പുറമെ നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും ഒരുക്കിയിടിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി1,  ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികളെയാണ് വാക്ക് ഇന്റര്‍വ്യൂവിന് പരിഗണിക്കുന്നത്.  ഇവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29ന് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ സെഷനില്‍ പങ്കെടുക്കേണ്ടതാണ്. മേയ് നാലിനും പതിമൂന്നിനും ഇടയിലുള്ള സൗകര്യപ്രദമായ സമയത്ത് അഭിമുഖത്തിന് സമയം അനുവദിക്കും. ഇടനിലക്കാരില്ലാതെ ഉടന്‍ തന്നെ ജര്‍മനിയില്‍ ജോലി നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇന്‍ഡോ-ജര്‍മന്‍ മൈഗ്രേഷന്‍ സെമിനാര്‍
കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ ആരോഗ്യമേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി അടക്കമുള്ള വിപുലമായ മേഖലകളിലേക്ക് റിക്രൂട്ട്‌മെന്റിന് ലക്ഷ്യമിടുന്നുണ്ട്. ഇന്റര്‍വ്യൂവിനായി കേരളത്തിലെത്തുന്ന ജര്‍മന്‍ സംഘം കൂടുതല്‍ മേഖലകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ കുറിച്ചുള്ള ചര്‍ച്ചകളും നടത്തും. സംസ്ഥാനത്തെ അക്കാദമിക വിദഗ്ധരും  ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ചര്‍ച്ചകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വേദിയൊരുക്കും.  ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങളെ മുന്‍നിര്‍ത്തി  ഇന്‍ഡോ-ജര്‍മന്‍ മൈഗ്രേഷന്‍ സെമിനാറും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതായി നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

Follow Us:
Download App:
  • android
  • ios