പ്രൊഫഷണലുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ടിസ്റ്റുകള്‍ എന്നിവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായിരിക്കും പൗരത്വം നല്‍കുക. മികവ് തെളിയിച്ചവരെ ആകര്‍ഷിക്കാനും വികസനത്തിലേക്കുള്ള തങ്ങളുടെ യാത്രയില്‍ അവരെ പങ്കാളികളാക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു.

അബുദാബി: നിക്ഷേപകര്‍ക്കും കഴിവു തെളിയിച്ച പ്രതിഭകള്‍ക്കും പ്രൊഫഷണലുകള്‍ക്കും പൗരത്വം നല്‍കാനൊരുങ്ങി യുഎഇ. ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്‍ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പ്രൊഫഷണലുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ടിസ്റ്റുകള്‍ എന്നിവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായിരിക്കും പൗരത്വം നല്‍കുക. മികവ് തെളിയിച്ചവരെ ആകര്‍ഷിക്കാനും വികസനത്തിലേക്കുള്ള തങ്ങളുടെ യാത്രയില്‍ അവരെ പങ്കാളികളാക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു.

യുഎഇ മന്ത്രിസഭ, അതത് എമിറേറ്റുകളിലെ ഭരണാധികാരികളുടെ കോര്‍ട്ടുകള്‍, എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍ എന്നിവയാണ് പൗരത്വം നല്‍കാന്‍ യോഗ്യരായവരെ നോമിനേറ്റ് ചെയ്യുന്നത്. ഇതിനായി ഓരോ വിഭാഗത്തിലും വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകും. പ്രതിഭകള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തിന്റെ പൗരത്വം നഷ്‍ടപ്പെടാതെ തന്നെ യുഎഇ പൗരത്വം കൂടി അനുവദിക്കുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു. ഇതാദ്യമായാണ് യുഎഇ ഇത്തരത്തില്‍ ഇരട്ട പൗരത്വം അനുവദിക്കുന്നത്.