ദുബൈയുമായി 70 വര്‍ഷത്തെ ശത്രുതയില്‍ സംഭവിച്ചതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രണ്ടാഴ്‍ചയിലെ സമാധാനം കൊണ്ട് ഇസ്രയേലിലുണ്ടായെന്നായിരുന്നു ഇസ്രയേല്‍ പൊതുജനാരോഗ്യ വിഭാഗം മേധാവിയുടെ വാക്കുകള്‍. 

ദുബൈ: കൊവിഡ് വ്യാപനം സംബന്ധിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശത്തില്‍ യുഎഇയോട് ഇസ്രയേല്‍ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. ദുബൈയില്‍ പോയി മടങ്ങിവരുന്നവരാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന തരത്തിലായിരുന്നു ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. ഷാരോണ്‍ പ്രിസിന്റെ പരാമര്‍ശമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ദുബൈയുമായി 70 വര്‍ഷത്തെ ശത്രുതയില്‍ സംഭവിച്ചതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രണ്ടാഴ്‍ചയിലെ സമാധാനം കൊണ്ട് ഇസ്രയേലിലുണ്ടായെന്നായിരുന്നു ഇസ്രയേല്‍ പൊതുജനാരോഗ്യ വിഭാഗം മേധാവിയുടെ വാക്കുകള്‍. ഇത് സംബന്ധിച്ച് യുഎഇ അധികൃതര്‍ വിശദീകരണം തേടിയപ്പോള്‍, ഇസ്രയേലി ഉദ്യോഗസ്ഥര് ഖേദം പ്രകടിപ്പിക്കുകയും‍, പരാമര്‍ശം വെറുമൊരു തമാശയായിരുന്ന് മറുപടി നല്‍കിയതായും ഇസ്രയേലി ദിനപ്പത്രം വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്‍തു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. പൊതുജനാരോഗ്യ വിഭാഗം മേധാവിയുടെ വാക്കുകള്‍ അനവസരത്തിലുള്ള തമാശയായിരുന്നെന്ന് വിശദീകരിച്ച അധികൃതര്‍, ഇത്തരം കാര്യങ്ങളില്‍ പ്രസ്‍താവനകള്‍ നടത്താന്‍ അധികാരമുള്ള ആളല്ല അവരെന്നും അറിയിച്ചു.

ഇസ്രയേലി മാധ്യമം പ്രസിദ്ധീകരിച്ച ഖേദപ്രകടനം വെള്ളിയാഴ്‍ച ദുബൈ മീഡിയാ ഓഫീസും ട്വീറ്റ് ചെയ്‍തിട്ടുണ്ട്. കൊവിഡ് വ്യാപനം സംബന്ധിച്ച് ഇസ്രയേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ഇസ്രയേല്‍ ക്ഷമാപണം നടത്തിയതായാണ് ദുബൈ മീഡിയാ ഓഫീസിന്റെ ട്വീറ്റിലുള്ളത്. യുഎഇയും ഇസ്രയേലും സാധാരണ ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസ് തുടങ്ങിയതോടെ ആയിരക്കണക്കിന് ഇസ്രയേല്‍ സ്വദേശികള്‍ യുഎഇയിലെത്തുന്നുണ്ട്.