ജറുസലേം: അമേരിക്കയില്‍ നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം. ശനിയാഴ്‍ചയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ഇത് സംബന്ധിച്ച അനുമതി നല്‍കിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് യുഎഇയും ഇസ്രയേലും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചത്.

യുദ്ധവിമാന വില്‍പന യാഥാര്‍ത്ഥ്യമാകുന്നതോടെ എഫ് 35 യുദ്ധവിമാനങ്ങളുള്ള ഒരേയൊരു അറബ് രാജ്യവും മദ്ധ്യപൂര്‍വദേശത്ത് ഇസ്രയേല്‍ കഴിഞ്ഞാല്‍ ഇത്തരം വിമാനങ്ങള്‍ കൈവശവുമുള്ള രണ്ടാമത്തെ രാജ്യവുമാവും യുഎഇ. അതേസമയം യുഎഇയുമായുള്ള സമാധാന കരാറിന്റെ ഭാഗമല്ല യുദ്ധവിമാന കൈമാറ്റമെന്ന് നെതന്യാഹു പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണകളുണ്ടായിരുന്നുവെന്നാണ് യുഎഇ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എഫ് 35 വിമാനങ്ങള്‍ക്കായുള്ള യുഎഇയുടെ ആവശ്യം പരിഗണനയിലാണെന്ന് നേരത്തെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

യുഎഇയുമായുള്ള കരാര്‍ ഒപ്പുവെച്ചതിന് ശേഷമാണ് വിമാന വില്‍പന സംബന്ധിച്ച കാര്യങ്ങള്‍ പരിഗണനയ്ക്ക് വന്നതെന്ന് നെത്യനാഹു ശനിയാഴ്‍ച രാത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമാണ് എഫ് 35 യുദ്ധവിമാനങ്ങള്‍ സംബന്ധിച്ച യുഎഇയുടെ ആവശ്യത്തിന് തങ്ങളുടെ അനുമതി വേണമെന്ന കാര്യം അമേരിക്ക ഉന്നയിച്ചത്. തുടര്‍ന്ന് പെന്റഗണുമായി ചര്‍ച്ച നടത്താനായി ഒരു സംഘത്തെ വാഷിങ്ടണിലേക്ക് അയച്ചു. മേഖലയിലെ തങ്ങളുടെ സൈനിക മുന്‍തൂക്കം അമേരിക്ക തുടര്‍ന്നും ഉറപ്പുവരുത്തുമെന്ന ഉറപ്പിന് പിന്നാലെ അംഗീകാരം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.