ജോലി സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് കാമുകിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബന്ധം തുടരാനാവില്ലെന്ന് യുവാവ് അറിയിച്ചതിന് പിന്നാലെയായിരുന്നു അമിതമായി മയക്കുമരുന്ന് കഴിച്ച് ഇവര്‍ ജീവനൊടുക്കിയത്. 

അബുദാബി: കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 26കാരനായ പ്രവാസി യുവാവിന് ശിക്ഷാ ഇളവ്. നേരത്തെ ആറ് വര്‍ഷം തടവ് വിധിക്കപ്പെട്ട യുവാവിന്റെ ശിക്ഷ അപ്പീല്‍ കോടതി മൂന്ന് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചാണ് ഇയാളുടെ കാമുകി മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തത്.

ജോലി സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് കാമുകിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബന്ധം തുടരാനാവില്ലെന്ന് യുവാവ് അറിയിച്ചതിന് പിന്നാലെയായിരുന്നു അമിതമായി മയക്കുമരുന്ന് കഴിച്ച് ഇവര്‍ ജീവനൊടുക്കിയത്. എന്നാല്‍ കാമുകിക്ക് നേരത്തെ മയക്കുമരുന്ന് കൈമാറിയത് ഇയാളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ റമദാന്‍ മാസത്തിലായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് നേരത്തെ കാമുകിക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരിശോധനകളില്‍ ഇയാളും മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായിരുന്ന യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് അടുപ്പം പ്രണയമായി. ഏറെ നാളുകള്‍ക്ക് ശേഷം ഇനി ബന്ധം തുടരാനാവില്ലെന്ന് പറഞ്ഞ് ഇ-മെയില്‍ അയക്കുകയായിരുന്നു. എന്നാല്‍ തനിക്ക് യുവാവിനെ പിരിയാനാവില്ലെന്ന് പറഞ്ഞാണ് യുവതി ആത്മഹത്യ ചെയ്തത്. വിചാരണ കോടതി ആറു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത് അപ്പീല്‍ കോടതി മൂന്ന് വര്‍ഷമാക്കി കുറച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.