20വര്‍ഷമായി ഷാര്‍ജയിലെ സ്കൂളുകളില്‍ ആയയായി ജോലി ചെയ്യുകയായിരുന്ന ജമീല തമിഴ്നാട് സ്വദേശിയുടെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം
ഷാര്‍ജ: പാര്‍ട്ണര്‍ വിസയെന്ന ചതിക്കുഴിയില്‍പെട്ട് ഷാര്‍ജയില്‍ കുടുങ്ങിയ അമ്പത്തിയഞ്ചുകാരി ജമീല നാട്ടിലേക്ക് മടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പ്രവാസി സമൂഹം ഇടപെട്ടതോടെയാണ് തൊഴിലുടമ വിസ റദ്ദ് ചെയ്യാന്‍ തയ്യാറായത്. 20വര്‍ഷമായി ഷാര്‍ജയിലെ സ്കൂളുകളില്‍ ആയയായി ജോലി ചെയ്യുകയായിരുന്ന ജമീല തമിഴ്നാട് സ്വദേശിയുടെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തനിക്കു നല്‍കിയത് പാര്‍ട്ണര്‍ വിസയാണെന്ന് തിരിച്ചറിയാന്‍ ഈ സാധാരണകാരിക്ക് കഴിഞ്ഞില്ല.
തൊഴിലുടമ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രുപ പലതവണയായി കൈയ്ക്കലാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രവാസി സമൂഹം ഇടപെട്ടതോടെയാണ് ഉടമ വിസ റദ്ദാക്കി നാട്ടിലേക്ക് പോകാന്‍ അനുവദിച്ചത്. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് പ്രവാസി സമൂഹം സഹായുവുമായി ജമീലയെ കാണാനെത്തി. മലയാളികളുടെ കാരുണ്യത്താലാണ് കഴിഞ്ഞ ഒരു വര്‍ഷം ഇവര്‍ ഷാര്‍ജയില്‍ കഴിഞ്ഞത്. സാമൂഹ്യ പ്രവര്‍ത്തകന്‍ ബിപിന്‍ ജോസ് നാട്ടിലേക്ക് മടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഗോള്‍ഡ് എഫ് എം നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നല്‍കി.
