Asianet News MalayalamAsianet News Malayalam

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പുതുതായി തെരഞ്ഞെടുക്കുന്നവരില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. യാതൊരു വിധ ആനുകൂല്യങ്ങളോ പ്രതിഫലമോ ഇല്ലാതെ സ്‌കൂളിന്റെ ഉന്നമനത്തിന് വേണ്ടി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

jeddah indian school board invited applications
Author
Jeddah Saudi Arabia, First Published Sep 15, 2020, 2:58 PM IST

റിയാദ്: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിവാക്കിയ നാലംഗങ്ങള്‍ക്ക് പകരം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴംഗങ്ങളുള്ള സമിതിയില്‍ നിന്നും ഇക്കഴിഞ്ഞ വ്യഴാഴ്ചയാണ് ചെയര്‍മാനുള്‍പ്പെടെ നാല് പേരെ ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.

ഒഴിവാക്കിയ അംഗങ്ങളില്‍ ഏക മലയാളി പ്രതിനിധിയും ഉള്‍പ്പെട്ടിരുന്നു. ഈ ഒഴിവുകള്‍ നികത്താനാണ് പുതിയ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ പുറത്തിറക്കിയത്. പുതുതായി തെരഞ്ഞെടുക്കുന്നവരില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. യാതൊരു വിധ ആനുകൂല്യങ്ങളോ പ്രതിഫലമോ ഇല്ലാതെ സ്‌കൂളിന്റെ ഉന്നമനത്തിന് വേണ്ടി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക് സെപ്തംബര്‍ 15 ചൊവ്വാഴ്ച മുതല്‍ 30 ബുധനാഴ്ച വരെ പ്രവൃത്തിദിനങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് വരെ സ്‌കൂളില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കുന്നതാണ്.

അപേക്ഷകര്‍ ജിദ്ദ നിവാസികളും അക്കാദമിക, ഭരണ നിര്‍വഹണ, സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ മികച്ച യോഗ്യതയും പ്രവൃത്തിപരിചയമുള്ളവരും പ്രശസ്തമായ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രഫഷനലുകളുമായിരിക്കണം. സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത രക്ഷാകര്‍തൃത്വം ഉണ്ടായിരിക്കണം. എന്നാല്‍ നിലവില്‍ 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഡിഗ്രി, പി.ജി, എം.ബി.ബി.എസ് യോഗ്യത ഉള്ളവരും സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ എംബസിയോ മറ്റു ഇന്ത്യന്‍ ഉന്നത സ്ഥാപനങ്ങളോ സാക്ഷ്യപ്പെടുത്തിയിരിക്കണം. 

Follow Us:
Download App:
  • android
  • ios