റിയാദ്: സൗദിയിൽ ബിനാമി ബിസിനസ്സ് നടത്തിയ വിദേശിക്ക് തടവും പിഴയും ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ജോര്‍ദ്ദാന്‍കാരനെ നാടുകടത്തും. സൗദിയുടെ വടക്കു പടിഞ്ഞാറു പ്രവിശ്യയിൽപ്പെട്ട സക്കാക്കയിൽ ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസിലാണ് ജോർദാൻകാരനെ കോടതി മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്.

സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കോമേഷ്യയിൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. നിയമ ലംഘനവും അതിനു ലഭിച്ച ശിക്ഷയും സ്വന്തം ചിലവിൽ പ്രാദേശിക പാത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. ബിനാമി ബിസിനസ് നടത്തിയ ഈജിപ്ഷ്യൻ പൗരന് കഴിഞ്ഞ വർഷം ദമ്മാം ക്രിമിനൽ കോടതി പത്തു ലക്ഷം റിയാല്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷ വിധിച്ചിരുന്നു.

അതേസമയം രാജ്യത്തെ വിവിധ മേഘലകളിൽനിന്നു ബിനാമി ബിസിനസ്സ് തുടച്ചു നീക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് രാജാവ് ഈ മാസം അംഗീകാരം നൽകിയിരുന്നു. നിയമാനുസൃതമല്ലാതെ വിദേശികൾ സ്വകാര്യ മേഖലയിൽ സ്വാധീനം ചെലുത്തുന്നത് തടയുന്നതിനും സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.