സലാല : കൈരളി സലാലയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും കേരളപ്പിറവി ആഘോഷവും നവംബര്‍ ഒന്നിന് വൈകുന്നേരം 6.30ന് സലാല സുല്‍ത്താന്‍ ഖാബൂസ് സ്‍പോര്‍ട്‍സ് കോംപ്ലക്സില്‍ നടക്കും. എ.എം ആരിഫ് എം.പി, കരിവെള്ളൂര്‍ മുരളി എന്നിവരാണ് അതിഥികള്‍. സാംസ്കാരിക സമ്മേളനത്തില്‍ സമൂഹത്തിലെ വിശിഷ്ട വ്യക്തികളെ ആദരിക്കും. 

മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടക്കും. സാംസ്കാരിക സമ്മേളനത്തിനുശേഷം സുധന്‍ കൈവേലി നയിക്കുന്ന കലയിലൂടെ ഒരു യാത്ര എന്ന കലാ പരിപാടിയും സലാലയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ രണ്ടിന് ന്യൂ സലാലയിലെ വുമന്‍സ് ഹാളില്‍ കരിവെള്ളൂര്‍ മുരളിയുടെ പ്രഭാഷണവും സമ്മാനദാനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കൈരളി സലാല പ്രസിഡന്റ് കെ. എ. റഹീം, സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ. പവിത്രന്‍, ജനറല്‍ കണ്‍വീനര്‍ സിജോയ്, പ്രോഗ്രാം കണ്‍വീനര്‍ സി. വിനയകുമാര്‍, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രദീശന്‍ മേമുണ്ട, ജനറല്‍ സെക്രട്ടറി പവിത്രന്‍ കാരായി എന്നിവര്‍ സംബന്ധിച്ചു.