2023 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ അമിത് ത്രിവേദി, ബാദ്ഷാഹ്, ന്യൂക്ലിയ എന്നിവരും സുനിധി ചൗഹാനും തത്സമയം കാണികള്‍ക്ക് മുന്നിലെത്തും. ടിക്കറ്റ് വില്‍പന നാളെ,  2022 നവംബര്‍ 17ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

ദുബൈ: ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി ആന്റ് അവാര്‍ഡ്സ് (ഐഫ) പുരസ്‍കാരദാന ചടങ്ങ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 2023 ഫെബ്രുവരി 9, 10 തീയ്യതികളില്‍ അബുദാബി യാസ് ഐലന്റില്‍ തിരിച്ചെത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ സിനിമാ ഇന്‍ഡ്രസ്‍ട്രിയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ചിലരെ ആദരിക്കുന്ന സംഗീതസാന്ദ്രമായ ഈ ചടങ്ങില്‍ കരണ്‍ ജോഹറും ഫറാ ഖാനുമായിരിക്കും മുഖ്യ അവതാരകര്‍. സംഗീതം, നൃത്തം, സിനിമ, ഫാഷന്‍ എന്നിവയെല്ലാം സമന്വയിക്കുന്ന ഐഫ റോക്ക്സ് 2023ല്‍ അമിത് ത്രിവേദി, ബാദ്ഷാഹ്, ന്യൂക്ലിയ, സുനിധി ചൗഹാന്‍ എന്നിങ്ങനെ തുടങ്ങി ബോളിവുഡിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളില്‍ പലരും അണിനിരക്കും.

ഐഫയില്‍ നിരവധി തവണ പുരസ്‍കാരങ്ങള്‍ നേടിയിട്ടുള്ള കരണ്‍ ജോഹര്‍ പറയുന്നത് ഇങ്ങനെ, "കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഐഫയുമായി എനിക്ക് ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്. ഫറായോടൊപ്പം ഇത്തവണ വേദിയെ ഇളക്കിമറിക്കാന്‍ സാധിക്കുമെന്നത് പ്രത്യേക സന്തോഷം നല്‍കുന്നു." ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അപര്‍ശക്തി ഖുറാനയോടൊപ്പം ഐഫയുടെ 22-ാം എഡിഷനിലും അവതാരകയായിരുന്ന ഫറാ ഖാന്‍ ഇത്തവണ വീണ്ടുമെത്തുന്ന സന്തോഷം മറച്ചുവെയ്ക്കുന്നില്ല. "കൃത്യം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടുമെത്തും. ഒപ്പം കരണ്‍ ജോഹറുമുണ്ടാവും. ആവേശം നിറയ്ക്കുന്ന പരിപാടിയായി ഇത് മാറുമെന്ന കാര്യത്തില്‍ സംശയമില്ല". അമിത് ത്രിവേദി, ബാദ്ഷാഹ്, സുനിധി ചൗഹാന്‍, ന്യൂക്ലിയ എന്നിവരുടെ ലൈഫ് പെര്‍ഫോമന്‍സും ഐഫ റോക്സിലുണ്ടാവും.

2019ല്‍ ഐഫ റോക്ക്സ് വേദിയിലെത്തിയ സംഗീത സംവിധായകനും ഗായകനുമായ അമിത് ത്രിവേദി ഒരിക്കല്‍ കൂടി തന്റെ സംഗീത വിരുന്നൊരുക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ഇക്കുറി. "ബോളിവുഡില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരവര്‍പ്പിക്കുന്നതിന് മാത്രമുള്ള വേദിയല്ല ഐഫ. മറിച്ച് ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സംസ്‍കാരം പ്രദര്‍ശിപ്പിക്കുന്ന വേദി കൂടിയാണത്. അതുകൊണ്ടു തന്നെയാണ് എല്ലാവരും പിന്നെയും പിന്നെയും ആ വേദിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും.

ത്രസിപ്പിക്കുന്ന പെര്‍ഫോമന്‍സിനായി കാത്തിരിക്കുകയാണ് ബാദ്ഷായും. "കപൂര്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തിലെ തന്റെ ഗാനം 'ലഡ്കി ബ്യൂട്ടുഫുള്‍ കര്‍ഗയിചുല്‍' പാടി 2017ലെ ഐഫ അവാര്‍ഡ് ദാന ചടങ്ങില്‍ ആലിയ ഭട്ട് ന്യൂയോര്‍ക്കിനെ ഇളക്കി മറിച്ചിരുന്നു. ഈ വര്‍ഷം എന്റെ ഏതാനും ജനപ്രിയ ഹിറ്റ് ഗാനങ്ങളിലേക്ക് നിങ്ങളെ ഒരിക്കല്‍ കൂടി ആനയിക്കാന്‍ ഞാന്‍ തന്നെ നേരിട്ടെത്തും. അതിനായി കാത്തിരിപ്പിന്റെ ദിനങ്ങളാണ് ഇനി" - അദ്ദേഹം പറഞ്ഞു.

സുനിധി ചൗഹാനും ഐഫയ്ക്ക് അപരിചിതയല്ല. ഫിസയിലെ മെഹ്‍ബൂബ് മെരേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അവര്‍. 17 നോമിനേഷനുകളാണ് സുനിധിക്ക് ലഭിച്ചത്. രണ്ട് തവണ അവാര്‍ഡിന് അര്‍ഹയാവുകയും ചെയ്‍തു. "ഇത്തവണ ലോകമെമ്പാടുമുള്ള ആരാധക കുടുംബത്തെ ആനന്ദിപ്പിക്കാനുള്ള വേദിയാണ് ഐഫ എനിക്ക് നല്‍കുന്നത്. അബുദാബിയെ നമ്മള്‍ ഇളക്കിമറിക്കുക തന്നെ ചെയ്യും" - പറഞ്ഞു.

ഗ്രാമി അവാര്‍ഡ് നാമനിര്‍ദേശം ലഭിച്ചിട്ടുള്ള ഇന്ത്യന്‍ ഇലക്ട്രോണിക് മ്യൂസിക് പ്രൊഡ്യൂസര്‍, ന്യൂക്സിയ, തന്റെ 'ബസ് റാണി', 'രാജ ബാജ' എന്നിങ്ങനെയുള്ള സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളിലൂടെയും, അന്താരാഷ്‍ട്ര തലത്തില്‍ പ്രശസ‍്തരായ കലാകാരന്മാരുമായി ചേര്‍ന്ന് കൊണ്ടുള്ള ഇവന്റുകളുടെ പേരിലും പ്രശസ്‍തനാണ്. "ഐഫ റോക്സ് 2023 എക്കാലവും ഓര്‍ത്തിരിക്കാനുള്ള ഒരു രാത്രിയായി മാറാന്‍ പോവുകാണ്. ഇന്ത്യന്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഏറ്റവും മികച്ചതിലേക്കുള്ള കൗണ്ട് ഡൗണ്‍ ആരംഭിക്കാം" - അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍, കൃതി സാനൊന്‍ എന്നിങ്ങനെ ബോളിവുഡില്‍ നിന്നുള്ളവരുടെ വലിയൊരു താരനിരയാണ് ഐഫ വീക്കെന്‍ഡ് ആന്റ് അവാര്‍ഡ്സ് 2023നായി ഒരുങ്ങുന്നത്. അഭിഷേക് ബച്ചനും ഫര്‍ഹാന്‍ അക്തറും മനീഷ് പോളുമായിരിക്കും അവര്‍ഡുകളുടെ അവതാരകരായെത്തുക.

അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റുമായും അബുദാബിയിലെ പ്രമുഖ ക്യൂറേറ്ററായ മിറാലുമായും സഹകരിച്ചാണ് വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കപ്പെടുന്നത്.