അബൂദാബി മഫ്‍റഖ്  ആശുപത്രിയില്‍ വച്ചാണ് മരണം. 

അബുദാബി: ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ് മേൽപറമ്പ് സ്വദേശി മുഹമ്മദ് നസീറാണ് (56) മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു നസീർ. അബൂദാബി മഫ്‍റഖ് ആശുപത്രിയില്‍ വച്ചാണ് മരണം. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അമ്പതായി.

അതേസമയം വിദേശത്തുനിന്നുള്ള പ്രവാസികള്‍ നാളെ മുതല്‍ മടങ്ങും. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും.

എയ‍ർ ഇന്ത്യ എക്സ്പ്രസിനാണ് കേരളത്തിലേക്കുള്ള സർവ്വീസിന്‍റെ ചുമതല. മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. അതിനിടെ രാജ്യത്തെ കൊവിഡ് കണക്കുകള്‍ ഇന്നു മുതല്‍ രാവിലെ മാത്രമേ പുറത്തു വിടൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാവിലെയും വൈകിട്ടും കണക്കുകള്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തെ സ്ഥിതി വിലയിരുത്താനിന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ദില്ലിയില്‍ ചേര്‍ന്നേക്കും.