ഖസാഖിസ്ഥാന്‍ ഗവണ്‍മെന്‍റ് തലവന്‍ പങ്കെടുത്ത ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് ഫോറത്തില്‍ ഖസാഖിസ്ഥാന്‍ റിപ്പബ്ലിക്കിലെയും യുഎഇയിലെയും സര്‍ക്കാര്‍ ഏജന്‍സികള്‍, ബിസിനസ് വൃത്തങ്ങള്‍, ദേശീയ ഹോള്‍ കമ്പനികള്‍, വികസന സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള നൂറോളം പ്രതിനിധികളാണ് സംബന്ധിച്ചത്.

ദുബായ്: യുഎഇയില്‍(UAE) ഔദ്യോഗിക സന്ദര്‍ശനത്തിലുള്ള ഖസാഖിസ്ഥാന്‍ (Kazakhstan)പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍ എക്‌സ്‌പോ 2020 ദുബായിലെ(Expo 2020 Dubai) ഖസാഖിസ്ഥാന്‍ ദേശീയ ദിന പരിപാടിയില്‍ പങ്കെടുത്തു. എക്‌സ്‌പോ അല്‍വസ്ല്‍ സെന്‍ട്രല്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍, യുഎഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ മന്ത്രിയും എക്‌സ്‌പോ 2020 ദുബായ് കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. 

ഖസാഖിസ്ഥാന്‍ ഗവണ്‍മെന്‍റ് തലവന്‍ പങ്കെടുത്ത ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് ഫോറത്തില്‍ ഖസാഖിസ്ഥാന്‍ റിപ്പബ്ലിക്കിലെയും യുഎഇയിലെയും സര്‍ക്കാര്‍ ഏജന്‍സികള്‍, ബിസിനസ് വൃത്തങ്ങള്‍, ദേശീയ ഹോള്‍ കമ്പനികള്‍, വികസന സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള നൂറോളം പ്രതിനിധികളാണ് സംബന്ധിച്ചത്. ''ഖസാഖിസ്ഥാനും യുഎഇയും തമ്മിലുള്ള ബന്ധം ഗുണപരമായി ഇന്നു വരെ പുതിയ തലത്തിലെത്തിയിരിക്കുന്നു. 1991 മുതല്‍ റിപ്പബ്‌ളിക് ഓഫ് ഖസാഖിസ്ഥാന്റെ സമ്പദ് വ്യവസ്ഥയില്‍ യുഎഇ 4 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. യുഎഇ പങ്കാളിത്തത്തോടെ 250ലധികം കമ്പനികള്‍ ഖസാഖിസ്ഥാനില്‍ പ്രവര്ത്തിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥയില്‍ അപകട സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമായി തുടരുകയാണ്'' -ഫോറത്തിന്റെ പ്‌ളീനറി സെഷനില്‍ അസ്‌കര്‍ മാമിന്‍ പറഞ്ഞു. 

സമ്പദ് വ്യവസ്ഥയുടെ മുന്‍ഗണനാ മേഖലകളിലെ പദ്ധതികളുടെ വികസനത്തിനായി ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാന്‍ ഈ വര്ഷം ഒക്‌ടോബറില്‍ ഒരു അന്തര്‍ സര്‍ക്കാര്‍ ഉടമ്പടി ഒപ്പു വെച്ചതാണ് ഉഭയ കക്ഷി ബന്ധങ്ങളിലെ സുപ്രധാന സംഭവമെന്ന് ഖസാഖിസ്ഥാന്റെ സര്‍ക്കാര്‍ തലവന്‍ അഭിപ്രായപ്പെട്ടു. ഖസാഖിസ്ഥാന്‍ റിപ്പബ്‌ളിക്കിന്റെ ദേശീയ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജം, കാര്‍ഷിക വ്യവസായം, ഗതാഗതവും ലോജിസ്റ്റിക്‌സും, ഔഷധ-ധന കാര്യം എന്നീ മേഖലകളില്‍ മൊത്തം 6 ബില്യണ്‍ ഡോളറിലധികം നിക്ഷേപമുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇതുസംബന്ധമായ രേഖ ലക്ഷ്യമിടുന്നത്.

ഊര്‍ജ മന്ത്രി മഗ്‌സൂം മിര്‍സാഗാലിയേവ്, സംറുക് കാസിന ജെഎസ്‌സി ബോര്‍ഡ് ചെയര്‍മാന്‍ അല്മാസ് ആദം സത്കാലിയേവ്, യുഎഇ ഊര്‍ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ, യുഎഇ സഹ മന്ത്രി അഹ്മദ് അലി അല്‍ സയേഗ് എന്നിവര്‍ ഫോറത്തിന്റെ പ്‌ളീനറി സെഷനില്‍ സംസാരിച്ചു. ഫോറത്തിന്റെ ഫലദായകമെന്നോണം, സംറൂക് കാസിന ജെഎസ്‌സിയും അബുദാബി സേവറീന്‍ ഫണ്ടായ അബുദാബി ഡെവലപ്‌മെന്റല്‍ ഹോള്ഡിംഗ് കമ്പനി(എഡിക്യു)യും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പു വെച്ചു. ഖസാഖിസ്ഥാനില്‍ 4 ജിഗാ വാട്‌സ് മൊത്തം ശേഷിയുള്ള സോളാര്‍-വിന്‍ഡ് പവര്‍ പ്‌ളാന്റുകള്‍ നിര്‍മ്മിക്കാനുള്ള നിക്ഷേപക രേഖകളിലും ഒപ്പു വെച്ചു. 

നിലവില്‍ ഖസാഖിസ്ഥാനില്‍ 3.5 ബില്യണ്‍ ഡോളര്‍ ആകെ മൂല്യമുള്ള 11 വന്‍കിട നിക്ഷേപ പദ്ധതികളില്‍ ഇമാറാത്തി കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുബായ് സന്ദര്‍ശനത്തിടെ, ഖാസ്‌ട്രേഡ് ജെഎസ്‌സിയുടെ സെന്റര്‍ ഫോര്‍ ട്രേഡ് പോളിസി ഡെവലപ്‌മെന്റ് സെന്ററിലെ ഡിജിറ്റല്‍ എക്‌സിബിഷന്‍ പ്രധാനമന്ത്രി നോക്കിക്കണ്ടു. എക്‌സ്‌പോ 2020 ദുബായിയുടെ തീമാറ്റിക് പവലിയനുകളും അദ്ദേഹം സന്ദര്‍ശിക്കുകയും മുന്‍നിര യുഎഇ കമ്പനികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എക്‌സ്‌പോയില്‍ നടന്ന ഖസാഖിസ്ഥാന്റെ ദേശീയ ദിനാഘോഷത്തില്‍, ഓപറ ഗായകനായ എന്‍ ടിലെന്ഡീവ് 'ഒട്ടിരാര്‍ സാസി'യുടെ പേരിലുള്ള അക്കാദമിക് ഫോക്‌ലോര്‍, എത്‌നോഗ്രാഫിക് ഓര്കസ്ട്രയുടെ പങ്കാളിത്തത്തോടെ ഓപറ ഗായിക മരിയ മുദ്രയാക് 'അസ്താന ബാലെ' കൂട്ടായ്മയും ഖസാഖിസ്ഥാനിലെ മറ്റ് കലാകാരന്മാരും അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി.