തിരുവനന്തപുരം: കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ശ്വാസം വിടാനുള്ള സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണുള്ളത്. വിദേശ രാജ്യങ്ങളില്‍ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കില്‍ ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണ്. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ ഇവരെ തിരികെയെത്തിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കുന്നത് വരെ പ്രവാസികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്ഡൌണ്‍ അവസാനിച്ചാല്‍ നിരവധിപ്പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തുക. കടുത്ത ജാഗ്രത തുടരണമെന്നും ഓരോ നിമിഷവും പ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

പ്രവാസികളും കുടുബങ്ങളും ആശങ്കയിലാണുള്ളത്. 20 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണുള്ളത്. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടതോടെ പ്രവാസികള്‍ക്ക് ആശങ്കയേറിയിട്ടുണ്ട്.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൌകര്യങ്ങളുള്ളവരുമാണ്.ഇത്തരക്കാര്‍ കൂടുതല്‍ പ്രയാസത്തിലായിയെന്നാണ് മനസിലാക്കുന്നത്. എംബസികളും സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സഹായവും പിന്തുണയും നല്‍കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ എത്രയും വേഗം തിരിച്ചെത്തേണ്ടവരുണ്ട്. സന്ദര്‍ശക വിസയില്‍ പോയി അവിടെ കുടുങ്ങിയവര്‍, മക്കളെ കാണാന്‍ പോയവര്‍, അക്കാദമിക, ബിസിനസ്‍ ആവശ്യങ്ങള്‍ക്കായി ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി പോയവര്‍ ഇവരെയെല്ലാം അടിയന്തരമായി തിരികെയെത്തിക്കണം. അടിയന്തരമായി വരേണ്ടവര്‍ക്കായി പ്രത്യേക വിമാനം വേണമെന്ന് ആവശ്യപ്പെട്ട് അതുകൊണ്ടാണ്.

 പ്രവാസികള്‍ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും.ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യും. ആവശ്യമുള്ളവരെ ചികിത്സിക്കും. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൌകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അതിലേറെ പേര്‍ വന്നാല്‍ അവര്‍ക്കും സൌകര്യമൊരുക്കും പ്രത്യേക വിമാനം അയച്ചാല്‍ വിസിറ്റിങ് വിസക്കാര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കേണ്ടി വരും.വിമാനത്താവളത്തില്‍ എത്തിയാല്‍ എല്ലാ കാര്യങ്ങളും സംസ്ഥാനത്തിന്റെ ചുമതലയാണ്. നോര്‍ക്കയും സംഘടനകളും സഹായമൊരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.