മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പ്പിന് ആവശ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‍കരിച്ച് നടപ്പാക്കുന്നതിനും വേണ്ടി 84.60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് അസിസ്റ്റഡ് മൊബിലൈസ്‍ഡ് എംപ്ലോയ്‍മെന്റ് (NAME) എന്ന പേരില്‍ ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരോ പ്രവാസി തൊഴിലാളിക്കും വര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പ്പിന് ആവശ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‍കരിച്ച് നടപ്പാക്കുന്നതിനും വേണ്ടി 84.60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്ന് ബജറ്റ് പ്രസംഗം അവകാശപ്പെടുന്നു. പ്രവാസികള്‍ക്ക് ബിസിനസുകള്‍ തുടങ്ങാനും മറ്റ് പദ്ധതികള്‍ക്കുമായി നോര്‍ക്ക വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് (NDPREM) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 25 കോടി വകയിരുത്തിയിട്ടുണ്ട്. വായ്‍പകള്‍ക്ക് മൂലധന സബ്‍സിഡിയും പലിശ സബ്‍സിഡിയും നല്‍കുന്ന പദ്ധതിയാണിത്.

മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബശ്രീ മിഷന് കീഴില്‍ രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്‍പ നല്‍കുന്ന പ്രവാസി ഭദ്രത പദ്ധതി (PEARL), ബാങ്കുകള്‍ വഴി അഞ്ച് ലക്ഷം രൂപ വായ്‍പ നല്‍കുകയും ഇതിന് പരമാവധി 25 ശതമാനം മൂലധന സബ്‍സിഡിയും മൂന്ന് ശതമാനം പലിശ സബ്‍സിഡിയും നല്‍കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതി, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കെഎസ്ഐഡിസി വഴി അഞ്ച് ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ വായ്‍പ നല്‍കുന്ന പ്രവാസി ഭദ്രത - മെഗാ (MEGA) എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

മടങ്ങിയെത്തിയ പ്രവാസികള്‍ക്കും മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള 'സാന്ത്വന' പദ്ധതിക്ക് 33 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചത്. നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമ പദ്ധതികള്‍ക്കായി 15 കോടിയും വകയിരുത്തി. എയര്‍പോര്‍ട്ടുകളില്‍ ലഭ്യമായ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനത്തിന് 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ലോക കേരള സഭയുടെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കാനും ലോകകേരള സഭയുടെ പ്രാദേശിക യോഗങ്ങള്‍ നടത്താനും ലോക കേരള സഭാ സെക്രട്ടേറിയറ്റിന്റെ ഓഫീസ് ചെലവുകള്‍ വഹിക്കുന്നതിനും വേണ്ടി 2.50 കോടി വകയിരുത്തി. മാവേലിക്കരയില്‍ നോര്‍ക്കയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കല്‍ സ്ഥലത്ത് ലോകകേരള കേന്ദ്രം സ്ഥാപിക്കാന്‍ ഒരു കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്.

വിദേശത്ത് പോകുന്നവര്‍ക്കുള്ള യോഗ്യതാ പരീക്ഷകളായ ഐഇഎല്‍ടിഎസ്, ഒഇടി തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായമായി കുറഞ്ഞ പലിശ നിരക്കില്‍ വായ്‍ല ലഭ്യമാക്കുന്ന നോര്‍ക്ക ശുഭയാത്ര എന്ന പദ്ധതിക്ക് വേണ്ടി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കാവുന്ന വായ്‍പകളായിരിക്കും ഇത്.

ഇതിന് പുറമെയാണ് വിദേശത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിലെ വര്‍ദ്ധനവ് മറികടക്കുന്നതിനുള്ള പുതിയ നിര്‍ദേശം. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ: പ്രവാസികളെ കുഴയ്ക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് മറികടക്കാന്‍ ബജറ്റില്‍ പുതിയ നിര്‍ദേശം