കൊച്ചി: പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി എറണാകുളം ജില്ലാ ഭരണകൂടം. 200 പേരാണ് നാളെ നെടുമ്പാശ്ശേരിയിൽ എത്തുക. ഇവരെ താമസിപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും സജ്ജമായി.

പ്രവാസികൾക്കായി തയ്യാറാക്കിയിരിക്കുന്ന മുറികളിൽ ഒന്ന്

നാളെ കൊച്ചിയിലേക്കെത്തുന്നത് അബുദാബിയില്‍നിന്നും ദോഹയില്‍നിന്നുമുള്ള വിമാനങ്ങളാണെന്നായിരുന്നു ആദ്യത്തെ അറിയിപ്പ് എന്നാൽ ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വരേണ്ടിയരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് ശനിയാഴ്ചത്തേക്കാണ് മാറ്റിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

വിദേശത്ത് നിന്നെത്തുന്നവരെ സ്വീകരിക്കാനായി വിമാനത്താവളത്തിന് മുന്നിൽ ആംബുലൻസുകള്‍ ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഈ ആംബുലൻസുകളില്‍ കളമശ്ശേരി കൊവിഡ് സെന്ററിലേക്കോ, ആലുവ താലൂക്ക് ആശുപത്രിയിലേക്കോ മാറ്റും. ശേഷിക്കുന്നവരെ പ്രത്യേക വാഹനങ്ങളില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

വീടുകളും ഹോസ്റ്റലുകളും ഉള്‍പ്പെടെ 4000 മുറികളാണ് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്. ഒരു മുറിയില്‍ ഒരാള്‍ മാത്രമാകും ഉണ്ടാവുക. ഇവർക്കായി അണുവിമുക്തമാക്കിയ കട്ടിലും ബെഡ്ഡും തയ്യാറാണ്. പാത്രവും ഗ്ലാസും ബ്രഷും ടൂത്ത് പേസ്റ്റും ഉള്‍പ്പെടെ ഒരുക്കികഴിഞ്ഞു. ശുചിമുറിയോടുകൂടിയതാണ് ഈ നിരീക്ഷണ കേന്ദ്രങ്ങള്‍. നിശ്ചിത സമയത്ത് മുറി ശുചിയാക്കാനുള്ള തൊഴിലാളികളെയും നിയോഗിച്ചുകഴിഞ്ഞു.

എന്നാൽ മടങ്ങിയെത്തുന്ന പ്രവാസികൾ എത്ര ദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ തുടരണം എന്നതിൽ അവ്യക്തത തുടരുകയാണ്. കേരളം ഏഴ് ദിവസം തീരുമാനിച്ചെങ്കിലും 14 ദിവസം സർക്കാർ നിരീക്ഷണത്തിലാക്കണം എന്ന കേന്ദ്ര നിർദ്ദേശമാണ് തടസം. വൈകിട്ടത്തെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Read more at:  പ്രവാസികളുടെ ക്വാറന്‍റൈനില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം; നിരീക്ഷണ കാലയളവ് നീട്ടിയേക്കും ...