Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ ക്വാറന്റീന് പണം; ഇളവ് നല്‍കാനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍

ദുരിതം അനുഭവിക്കുന്നവര്‍ക്കെങ്കിലും ക്വാറന്റീന്‍ ചിലവില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ അത് പ്രവാസികളെ കൈവിട്ടെന്ന പ്രചരണത്തിന് വളമേകുമെന്ന വിലയിരുത്തലിലാണ് ഇളവുകളുടെ സാധ്യത പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Kerala government considers to give relaxations in paid quarantine proposals
Author
Thiruvananthapuram, First Published May 27, 2020, 12:02 PM IST

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പുനരാലോചനയുടെ സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്.

പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന എല്ലാവരും ക്വാറന്റീന് ചെലവ് വഹിക്കേണ്ടിവരുമെന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പാവപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ താങ്ങാനാവുന്ന തരത്തില്‍ വ്യത്യസ്ഥമായ നിരക്കുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് പേര്‍ സംസ്ഥാനത്തേക്ക് എത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാര്‍ ഇതിന് ന്യായീകരണമായി മുന്നോട്ടുവെയ്ക്കുന്നത്.

എന്നാല്‍ പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, ജോലി നഷ്ടപ്പെട്ട് നിവൃത്തിയില്ലാതെ മടങ്ങുന്നവരില്‍ നിന്നുള്‍പ്പെടെ ക്വാറന്റീന് പണം ഈടാക്കാന്‍ തീരുമാനിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രവാസി സംഘടനകളും പ്രതിപക്ഷവും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. ദുരിതം അനുഭവിക്കുന്നവര്‍ക്കെങ്കിലും ക്വാറന്റീന്‍ ചിലവില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ അത് പ്രവാസികളെ കൈവിട്ടെന്ന പ്രചരണത്തിന് വളമേകുമെന്ന വിലയിരുത്തലിലാണ് ഇളവുകളുടെ സാധ്യത പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ഇന്ന് രാവിലെ നടക്കുന്ന സര്‍വ കക്ഷി യോഗത്തില്‍ ഉള്‍പ്പെടെ ഇക്കാര്യ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഈ മാസം 24ന് കേന്ദ്രആഭ്യന്തമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പണം ഈടാക്കി ക്വാറന്‍റീന്‍ ഒരുക്കണമെന്ന് പറയുന്നുണ്ട്. അകെ 14 ദിവസത്തെ നിരീക്ഷണമാണ് വേണ്ടത്. 7 ദിവസം സര്‍ക്കാര്‍ സംവിധാനത്തിലും 7 ദിവസം വീട്ടിലും. ഇതില്‍ 7 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിന് പണം ഈടാക്കാമെന്നാണ് കേന്ദ്രനിര്‍ദേശം. 11189 പേരാണ് ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയത്. ഇതില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പോയവരില്‍ ഭൂരിപക്ഷം പേരും സൗജന്യ നിരീക്ഷണത്തിലാണ്.600 പേരാണ് പണം അടച്ച് താമസസൗകര്യം നേടിയത്.

Follow Us:
Download App:
  • android
  • ios