തിരുവനന്തപുരം: വിദേശത്തുനിന്നും ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കർശനമാക്കിയ നടപടിയില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍. വിവിധ ഗൾഫ് രാജ്യങ്ങളിലെ അംബാസഡിർമാരോട് പരിശോധനാ മാനദണ്ഡങ്ങൾ നൽകാനാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നൽകി. ഈ മാസം 20 മുതൽ ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും ചാർട്ടേഡ‍് വിമാനങ്ങളിൽ കേരളത്തിലേക്ക് വരാൻ കൊവിഡ് ഇല്ലെന്ന റിപ്പോർട്ട് നിർബന്ധമാക്കി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി വിവിധ സംഘടനകള്‍ക്ക് അയച്ച കത്ത് വന്‍ വിവാദമായിരുന്നു. 

വിദേശത്തു നിന്നും എത്തുന്നവരിൽ രോഗവ്യാപനതോത് കൂടിയ സാഹചര്യത്തിലാണ് ഇതെന്നായിരുന്നു കത്തിലെ വിശദീകരണം. സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രവാസികൾക്ക് വൻ തിരിച്ചടിയാണ്. തൊഴിലും ശമ്പളവുമില്ലാതെ നാട്ടിലേക്ക് പ്രവാസി സംഘടനകൾ വഴി ചാർട്ടേഡ് വിമാനങ്ങളിൽ എങ്ങിനെയും മടങ്ങാൻ ശ്രമിക്കുന്നവർ ഇനി പരിശോധനക്കുള്ള പണവും കണ്ടെത്തണം. 8000 രൂപ മുതൽ പതിനായിരത്തിന് മേലെ വരെ വിവിധ ഗൾഫ് നാടുകളിൽ കൊവിഡ് പരിശോധനയ്ക്ക് ചെലവ് വരും. ചില രാജ്യങ്ങളിൽ പരിശോധനക്കുള്ള സൗകര്യവും ഇല്ല. ഫ്ലൈറ്റ് പുറപ്പെടുന്ന ദിവസത്തിനോട് അടുത്ത ദിവസത്തെ സർട്ടിഫിക്കറ്റ് തന്നെ വേണ്ടിവരുന്നതും പ്രയാസം കൂട്ടും.

നേരത്തെ ഇറ്റലി അടക്കമുള്ള രാജ്യങ്ങളിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സംസ്ഥാന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് ഇളവിനുള്ള സർക്കാർ നീക്കം. വിവിധ ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനാ രീതികളെ കുറിച്ച് വിവരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ അംബാസിഡർമാർക്ക് കത്തയച്ചു. ഈ റിപ്പോർട്ട് കൂടി കണക്കിലെടുത്ത് ഇളവ് നൽകി വിവാദം അവസാനിപ്പിക്കാനാണ് ശ്രമം.