Asianet News MalayalamAsianet News Malayalam

ദുബായിലും തിളങ്ങി കേരളാ പൊലീസ്; വമ്പന്മാരെ പിന്നിലാക്കി സ്വന്തമാക്കിയത് അന്താരാഷ്ട്ര അംഗീകാരം

140 രാജ്യങ്ങളില്‍ നിന്നുള്ള 4000ലധികം പ്രതിനിധികളാണ് മൂന്ന് ദിവസത്തെ വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുത്തത്. എം-ഗവേണന്‍സ് വിഭാഗത്തില്‍ മികച്ച ഗെയിമിനുള്ള പുരസ്കാരമാണ് കേരള പൊലീസിന്റെ 'ട്രാഫിക് ഗുരു' സ്വന്തമാക്കിയത്. റോഡിലെ ചട്ടങ്ങള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് കേരള പൊലീസ് ട്രാഫിക് ഗുരു ആപ് പുറത്തിറക്കിയത്. 

kerala police bags award for Best M-Government Award in Gamification Service in dubai
Author
Dubai - United Arab Emirates, First Published Feb 13, 2019, 10:53 AM IST

ദുബായ്: ദുബായില്‍ ഇന്നലെ അവസാനിച്ച ഏഴാമത് വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ കേരളാ പൊലീസിന് അംഗീകാരം. ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഗെയിം മാതൃകയില്‍ കേരളാ പൊലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ' 'ട്രാഫിക് ഗുരു'വിനാണ് പുരസ്കാരം ലഭിച്ചത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനില്‍ നിന്ന് കേരള പൊലീസ് ആംഡ് ബറ്റാലിയന്‍ ഡിഐജി പി. പ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി.
 

140 രാജ്യങ്ങളില്‍ നിന്നുള്ള 4000ലധികം പ്രതിനിധികളാണ് മൂന്ന് ദിവസത്തെ വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുത്തത്. എം-ഗവേണന്‍സ് വിഭാഗത്തില്‍ മികച്ച ഗെയിമിനുള്ള പുരസ്കാരമാണ് കേരള പൊലീസിന്റെ 'ട്രാഫിക് ഗുരു' സ്വന്തമാക്കിയത്. റോഡിലെ ചട്ടങ്ങള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് കേരള പൊലീസ് ട്രാഫിക് ഗുരു ആപ് പുറത്തിറക്കിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ മുതല്‍ നിരപ്പായ ഹൈവേയില്‍ വരെ ലോറിയോ കാറോ ബസോ തുടങ്ങി ഏത് വാഹനവും ഓടിക്കാന്‍ ട്രാഫിക് ഗുരുവില്‍ കഴിയും. ഇഷ്ടമുള്ള കാലാവസ്ഥയിലും പാട്ട് കേട്ടുമൊക്കെ വാഹനം ഓടിക്കാം. പക്ഷേ കളിയിലും നിയമങ്ങള്‍ കര്‍ശനമാണെന്നതാണ് പ്രത്യേകത.

 

തിരിയുമ്പോള്‍ ഇന്റിക്കേന്ററുകള്‍ ഇടണം. അനുവദനീയമല്ലാത്ത സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല. നിയമം തെറ്റിച്ചാല്‍ 'ട്രാഫിക് ഗുരു'വില്‍ മത്സരം തോല്‍ക്കും. കേരളാ പൊലീസിന് വേണ്ടി സിഡ്കോയും റെയിന്‍ കണ്‍സേര്‍ട്ടും ചേര്‍ന്നാണ് ആപ് വികസിപ്പിച്ചെടുത്തത്. വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ ഗെയിം ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആപ്ലിക്കേഷനുകളെ പിന്നിലാക്കിയാണ് ട്രാഫിക് ഗുരു ഒന്നാം സ്ഥാനത്തെത്തിയത്. ഐക്യരാഷ്ട്ര സഭയുടെ ആപ്ലിക്കേഷനും യുഎസ്എയുടെ ആപ്ലിക്കേഷനുമാണ് അവസാന മത്സരത്തില്‍ ട്രാഫിക് ഗുരുവിനൊപ്പമുണ്ടായിരുന്നത്. ഇവയെ പിന്നിലാക്കി കേരള പൊലീസ് രാജ്യത്തിന് തന്നെ അഭിമാനമായ നേട്ടം സ്വന്തമാക്കുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios