കാനഡയിലെ മലയാളികളായ ട്രക്ക് ഡ്രൈവർമാർക്കും അതോടൊപ്പം ട്രക്കിങ്ങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ആയ പുതിയ തൊഴിലാളി സംഘടനയാണ് കേരള ട്രക്കേഴ്സ് ഇൻ കാനഡ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ 150 ൽ പരം മെംബേഴ്സുമായി രൂപം കൊണ്ട കൂട്ടായ്മയിൽ ഇന്ന് 200 ൽ അധികം അംഗങ്ങൾ ഉണ്ട്.
ബ്രാംപ്ടൺ: കനേഡിയൻ മലയാളികളുടെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ,കേരള ട്രക്കേഴ്സ് ഇൻ കാനഡ (KTC) യുടെ ഔദ്യോഗിക ഉദ്ഘാടനം ബ്രാംപ്ടണിലെ ഡ്രീംസ് കൺവൻഷൻ സെൻ്ററിൽ വെച്ച് നടന്നു. ശനിയാഴ്ച്ച വൈകുന്നേരം 4നു ആരംഭിച്ച ചടങ്ങിൽ KTC അംഗങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്തു. മന്ത്രിമാരും, മലയാളി അസോസിയേഷനുകളുടെ പ്രതിനിധികളും ഉൾപ്പടെയുള്ള ക്ഷണിക്കപ്പെട്ട അതിഥികളും,രജിസ്റ്റർ ചെയ്ത അംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ഔദ്യോഗിക ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരളവുമായും മലയാളികളുമായും തനിക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത് എന്ന് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേയ്ക്ക് മത്സരിക്കുന്ന മേയർ പറഞ്ഞു. താനും പത്നിയും കേരളം സന്ദർശിച്ചിട്ടുള്ള കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
കാനഡയിലെ മലയാളികളായ ട്രക്ക് ഡ്രൈവർമാർക്കും അതോടൊപ്പം ട്രക്കിങ്ങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ആയ പുതിയ തൊഴിലാളി സംഘടനയാണ് കേരള ട്രക്കേഴ്സ് ഇൻ കാനഡ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ 150 ൽ പരം മെംബേഴ്സുമായി രൂപം കൊണ്ട കൂട്ടായ്മയിൽ ഇന്ന് 200 ൽ അധികം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ മാർച്ച് മാസം 19-ാം തീയതി മിസ്സിസാഗയിൽ വച്ചു നടന്ന രൂപീകരണ യോഗത്തോടെയാണ് സംഘടന ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്.

റിയലറ്റർ ആയ ജിഷ തോട്ടം ആയിരുന്നു പരിപാടിയുടെ മെഗാ സ്പോൺസർ.നിരവധി കലാപരിപാടികൾ ഉത്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇത്രയും വിജയകരമായ ഒരു പരിപാടി സംഘടിപ്പിച്ചത് സംഘടനയുടെ കൂട്ടായ പ്രവർത്തനമാണെന്ന് KTCയുടെ പ്രസിഡൻ്റ് സുരേഷ് നാരയണനും സെക്രട്ടറി റജിമോനും പറഞ്ഞു.
സംഘടനയുടെ സംഘടനാ ശക്തി വിളിച്ചോതുന്ന പരിപാടിയായി ഈ ഉദ്‌ഘാടന ചടങ്ങ് മാറി എന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ കുമാർ വൈറ്റില, അനിൽ രവീന്ദ്രൻ എന്നിവർ പറഞ്ഞു. KTCയുടെ കീഴിലുള്ള ഔദ്യോഗിക വടംവലി ടീമായ ഫാൽക്കണിൻ്റെ പ്രഖ്യാപനവും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. KTC സെക്രട്ടറി റെജിമോൻ സ്വാഗതവും കമ്മറ്റി അംഗം ബോസ്കോ ആൻറണി നന്ദിയും പറഞ്ഞു.
