അബുദാബി: ബിഗ് ടിക്കറ്റില്‍ സമ്മാനം നേടി കോടീശ്വരന്മാരായ നിരവധി മലയാളികളുണ്ട്. എന്നാല്‍ ഇത്തവണ ഒന്നാം സമ്മാനമായ 30 കോടിയിലധികം രൂപ സമ്മാനം ലഭിച്ച മലയാളി, നോബിന്‍ മാത്യുവിന്റെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. തിരുവല്ല സ്വദേശിയായ നോബിന്‍ മാത്യു 2007 മുതല്‍ കുവൈത്തില്‍ താമസിക്കുകയാണ്.

നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തയാളായിരുന്നു നോബിന്‍. സുഹൃത്തുക്കളായ പ്രമോദും മിനു തോമസുമാണ് തങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റെടുക്കാന്‍ നോബിനെ നിര്‍ബന്ധിച്ചത്. കഴിഞ്ഞ മാസം ടിക്കറ്റെടുത്തെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല. ഇതോടെ ഒരു തവണ കൂടി എടുത്ത ശേഷം ഈ പരിപാടി മതിയാക്കണമെന്ന് തീരുമാനമെടുത്തു. അങ്ങനെയെടുത്ത രണ്ടാമത്തെയും അവസാനത്തെയും ടിക്കറ്റിലൂടെ 30 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളും ഇനി സമ്മാനത്തുക പങ്കുവെക്കും.

സുഹൃത്തുക്കള്‍ രണ്ട് പേരും ടിക്കറ്റെടുക്കുന്നവരായിരുന്നുവെന്നും അവര്‍ തന്നെയും നിര്‍ബന്ധിച്ചതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാം തവണ ടിക്കറ്റെടുത്തപ്പോള്‍ തന്നെ ഇനി താനില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണ്‍ വിളിച്ചപ്പോഴാണ് ഞെട്ടിയത്. ജോലിയിലായിരുന്നതിനാല്‍ നറുക്കെടുപ്പിന്റെ ലൈവ് കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 17ന് എടുത്ത 254806 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അധികം വൈകാതെ മനസിലായി. ഒന്നും സംസാരിക്കാനാവാത്ത അവസ്ഥയായിരുന്നുവെന്ന് നോബിന്‍ പറയുന്നു.

നോബിന്റെ മാതാപിതാക്കള്‍ ഒമാനില്‍ പ്രവാസികളായിരുന്നു. നോബിന്‍ ജനിച്ചതും ഒമാനില്‍ തന്നെ. പഠനം പൂര്‍ത്തിയാക്കിയ ശേഷം നോബിനും  കുവൈത്തില്‍ പ്രവാസിയായി. 2007 മുതല്‍ അവിടെ ജോലി ചെയ്യുകയാണ്. സമ്മാനം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതിനാല്‍ പണം എന്ത് ചെയ്യണമെന്നും ഈ 38കാരന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. കുടുംബവുമായി ആലോചിച്ച് അക്കാര്യങ്ങള്‍ തീരുമാനിക്കും. സ്‍പെയര്‍ പാര്‍ട്സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന നോബിന്‍ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയുകയാണ്. ഭാര്യയും അഞ്ച് വയസുകാരനായ മകനും ഒപ്പം കുവൈത്തിലുണ്ട്.