റിയാദ്: ജിദ്ദയിലെ പ്രമുഖ വ്യവസായിയും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മൽ സ്വദേശി വെള്ളേങ്ങര അബ്‍ദുല്ല മുഹമ്മദ് (59) ജിദ്ദയിൽ നിര്യാതനായി. നേരത്തെ കൊവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു. നേരത്തെ ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കിങ് അബ്ദുല്ല മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. 

പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖം കാരണം 10 ദിവസത്തോളമായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായ അദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന നിംസ് ആശുപത്രി മാനേജിങ് ഡയറക്ടർ, സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജ് രക്ഷാധികാരി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ജിദ്ദയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ആസ്യ, മക്കൾ: ഫഹദ്, നജ്മുന്നീസ, നിഷിദ. മരുമക്കൾ: മുസ്തഫ തോളൂർ (മേലാറ്റൂർ), ഷാജഹാൻ (കൊമ്പൻകല്ല്), നഫ്‌ലി. നിയമ നടപടികൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കും.