തിരുവനന്തപുരം: അരലക്ഷം കോടി കടബാധ്യതയുമായി യുഎഇ വിട്ട ബി.ആര്‍ ഷെട്ടിക്കെതിരെ ബാങ്കുകള്‍ നിയമനടപടികള്‍ തുടങ്ങിയിരിക്കെ യുഎഇ എക്സ്ചേഞ്ചിന്റെ ഉടമസ്ഥാവകാശം ഷെട്ടി തട്ടിയെടുത്തതാണെന്ന ആരോപണവുമായി മലയാളി വ്യവസായി രംഗത്ത്. 1980കളുടെ തുടക്കത്തില്‍ ഷെട്ടി തന്നെ വഞ്ചിച്ച് സ്ഥാപനം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് മാവേലിക്കര സ്വദേശി ഡാനിയേല്‍ വര്‍ഗീസ് ആരോപിക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷം തന്റെ സ്ഥാപനം തിരിച്ചുപിടിക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഡാനിയേല്‍ ഇപ്പോള്‍.

ഗള്‍ഫിന്റെ സാധ്യതകള്‍ മനസിലാക്കി 1973ല്‍ യുഎഇയിലെത്തിയ താന്‍ ആദ്യം സിറ്റി ബാങ്കിലും പിന്നീട് യുഎഇ കറന്‍സി ബോര്‍ഡിലും ജോലി ചെയ്തു. ഇതിനിടയിലാണ് മണി ട്രാന്‍സ്‍ഫര്‍ ബിസിനസിനെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്. 1979ലാണ് സ്ഥാപനത്തിന്റെ പ്രാഥമിക ജോലികള്‍ നടന്നത്. ഇന്ത്യയില്‍ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്തു. ഹംദാന്‍ സ്ട്രീറ്റിലായിരുന്നു ആദ്യ ശാഖ. ആദ്യത്തെ രണ്ട് വര്‍ഷത്തിനകം അല്‍ ഐനിലും ഷാര്‍ജയിലും ശാഖകള്‍ തുടങ്ങി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ലളിത് മാന്‍സിങിന്റെ സഹായത്തോടെയാണ് പാര്‍ട്ണറായി യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ വിദേശകാര്യ ഡയറക്ടര്‍ കൂടിയായിരുന്ന അബ്ദുല്ല ഹുമൈദ് അല്‍ മസ്റൂഇ എന്നയാളെ കണ്ടെത്തിയത്. ഇദ്ദേഹത്തെ ബന്ധപ്പെടാനായിരുന്നു ആദ്യമായി ബി.ആര്‍ ഷെട്ടിയോട് സംസാരിച്ചതെന്നും ഡാനിയേല്‍ പറയുന്നു.

അബ്ദുല്ല ഹുമൈദ് അല്‍ മസ്റൂഇയുമായി ബന്ധമുണ്ടായിരുന്ന ബി.ആര്‍ ഷെട്ടി പിന്നീട് പുറത്തുനിന്ന് സ്ഥാപനത്തിന്റ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ തുടങ്ങി. ഇതില്‍ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നെന്ന് മനസിലായിരുന്നില്ല. ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപം വര്‍ദ്ധിച്ചപ്പോള്‍ ഈ പണം ഉപയോഗപ്പെടുത്തുന്നതിനായി മുംബൈ ആസ്ഥാനമായൊരു ഇന്‍വെസ്റ്റ് ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്റോ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന പേരില്‍ 1983ല്‍ ഒരു കമ്പനി തുടങ്ങി. ഇതിനായി റിസര്‍വ് ബാങ്കുമായും ധനകാര്യ മന്ത്രാലയവുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി.

ഇതിനിടയിലാണ് ചതിയിലൂടെ യുഎഇ എക്സ്ചേഞ്ച് തന്നില്‍ നിന്ന് തട്ടിയെടുത്തത്. കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി നല്‍കിയ രേഖകള്‍ ഇപ്പോഴും തന്റെ പക്കലുണ്ടെന്ന് ഡാനിയേല്‍ പറയുന്നു. എന്നാല്‍ ബി.ആര്‍ ഷെട്ടി, തന്റെ ലോക്കല്‍ പാര്‍ട്ണര്‍ ആയിരുന്ന യുഎഇ പൌരനൊപ്പം ചേര്‍ന്ന് വ്യാജ രേഖയുണ്ടാക്കി സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം തട്ടിയെടുക്കുകയായിരുന്നു. ഇതിനായി  അബ്ദുല്ല ഹുമൈദ് അല്‍ മസ്റൂഇയുടെ വ്യാജ ഒപ്പിട്ടാണ് ബി.ആര്‍ ഷെട്ടി രേഖകള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു.

1984 നവംബര്‍ ഒന്നിന് സ്ഥാപനത്തില്‍ നിന്ന് ചതിയിലൂടെ തന്നെ ഒഴിവാക്കി. നിയമപരമായി സ്ഥാപനം നഷ്ടമാകുകയും ഷെട്ടി അതിന്റെ ഉടമയാകുകയും ചെയ്തു. തന്റെ പാര്‍ട്ണറായിരുന്ന യുഎഇ പൌരന്‍ അന്ന് യുഎഇ മന്ത്രിയായിരുന്നു. അദ്ദേഹവുമായി ഇതേപ്പറ്റി സംസാരിച്ചു. തനിക്ക് നഷ്ടപരിഹാരം നല്‍കാനായി പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അതൊന്നും നടന്നില്ല. ഷെട്ടി താനുമായി അകലം പാലിക്കുകയാണ് ചെയ്തത്.

നാട്ടില്‍ പോയി 1987ല്‍ തിരിച്ച് യുഎഇയിലെത്തി ഷെട്ടി അടക്കമുള്ളവരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ഇത് സാധിക്കാതെ വന്നപ്പോള്‍ മറ്റൊരു യുഎഇ പൌരന്റെ സഹായത്തോടെ അബുദാബി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അബുദാബി പൊലീസ് അന്വേഷണം നടത്തി, വ്യാജരേഖ ചമച്ചത് കണ്ടെത്തിയതോടെ കോടതിക്ക് പുറത്ത് ഇവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. കമ്പനിയുടെ അന്നത്തെയോ ഭാവിയിലെയോ മൂല്യവുമായി ഒത്തുപോകാത്ത നാമമാത്രമായൊരു തുകയാണ് തനിക്ക് നല്‍കിയത്. 1995, ഒക്ടോബര്‍ 23ന് തനിക്ക് ആ പണം ലഭിച്ചു. ഇതിനിടെ ഷെട്ടി ഒരിയ്ക്കല്‍ സഹായം തേടി തന്നെ വിളിച്ചിരുന്നുവെന്നും ഡാനിയേല്‍ പറഞ്ഞു.

എന്‍എംസി ഹെല്‍ത്ത് കെയറിലും യുഎഇ എക്‌സ്‌ചേഞ്ചിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന്  ബി ആര്‍ ഷെട്ടി തുറന്ന് പറഞ്ഞിരുന്നു. ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തതാണ് തനിക്കുണ്ടായ ബിസിനസ് പ്രതിസന്ധിക്ക് കാരണമായതെന്നും ബി ആര്‍ ഷെട്ടി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 

യുഎഇ എക്സ്ചേഞ്ചിന്റെ തുടക്കം മുതലുള്ള സംഭവവികാസങ്ങളെക്കുറിച്ച് ഡാനിയേല്‍ വര്‍ഗീസ് വിശദമായി സംസാരിക്കുന്നു. വീഡിയോ കാണാം...
"