ഷാര്‍ജ: മലയാളി വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടി പി അജിത്താണ്(55) മരിച്ചത്. തിങ്കളാഴ്ച ഷാര്‍ജ ജമാല്‍ അബ്ദുള്‍നാസര്‍ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് അജിത്തിനെ കണ്ടെത്തിയത്. ദുബായില്‍ മഡോസില്‍ വില്ലയില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം. 

30 വര്‍ഷമായി യുഎഇയിലുള്ള അജിത്ത് ദുബായില്‍ സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്, വര്‍ക്ക്ഷോപ്പ്, ഫാക്ടറി, കോള്‍ഡ് സ്റ്റോറേജ് സൗകര്യം എന്നിവ ഉള്‍പ്പെട്ട വിപുലമായ സംവിധാനങ്ങളടങ്ങിയതാണ് സ്ഥാപനം. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. 

അജിത്തിന്‍റെ കുടുംബം ദുബായിലുണ്ട്. ഭാര്യ ബിന്ദു. എഞ്ചിനീയറിങ് പഠനത്തിന് ശേഷം അജിത്തുമായി ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുകയാണ് മകന്‍. മകള്‍ വിദ്യാര്‍ത്ഥിയാണ്. കണ്ണൂരില്‍ അടുത്തിടെ ഒരു വീട് സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.