റിയാദ്: ന്യൂമോണിയ ബാധിതനായി രണ്ടാഴ്ചയായി ദമ്മാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ കായംകുളം എരുവ ചെറുകാവിൽ സ്വദേശി ഷഹാന മൻസിലിൽ ജഹാംഗീർ (59) ആണ് മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസതടസവും ബാധിച്ച് രണ്ടാഴ്ച മുമ്പ് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി ആരോഗ്യ നില വഷളാവുകയും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷാഹിദ, മക്കൾ: ഷഹാന, ഷാഹിർ, സുമീർ, സാനിയ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.