റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. 32 വർഷമായി ജുബൈലിൽ ജോലി ചെയ്യുന്ന കൊല്ലം ചിന്നക്കട ലയൻസ്‌ ടെൻ വീട്ടിൽ ജോസഫ് എം. ഡാനിയേൽ (63) ആണ് മരിച്ചത്. പനിയും ശാരീരികസാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12നാണ് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ പിറ്റേന്നുമുതൽ വെന്റിലേറ്ററിൽ ആയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവുകയും വെന്റിലേറ്റർ സഹായം ഭാഗികമായി ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രോഗം വഷളായി ഞായറാഴ്ച ഉച്ചയോടു കൂടി മരണം സംഭവിച്ചു. 

നേരത്തെ എൻ.എസ്.എച്ച് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജോസഫ് കുറച്ചു വർഷങ്ങളായി സ്വന്തമായി ട്രേഡിങ് കമ്പനി നടത്തുകയായിരുന്നു. റോയൽ കമീഷനിൽ ജോലി ചെയ്യുന്ന മകൻ ജോസഫ് ഈശോ ഡാനിയേലിന്റെ കൂടെയായിരുന്നു താമസം. ഭാര്യ തിരുവല്ല തെങ്ങുംപള്ളി കുടുംബാംഗം രജനി ഡാനിയേൽ നാട്ടിലാണ്. മാതാപിതാക്കൾ: ഡാനിയേൽ, പൊന്നമ്മ.