അബുദാബി: യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ്(45) ചൊവ്വാഴ്ച രാവിലെ അബുദാബിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായിരുന്നു നൗഷാദ്. ഭാര്യ: നസീബ, മക്കള്‍: നാഷിമ, നാഷിദ,നൗഷിദ്.

ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം. വാഹനമോടിച്ചിരുന്ന മറ്റ് എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബസ്, ട്രക്കുകള്‍, കാറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വാഹനങ്ങള്‍ തമ്മില്‍ വേണ്ട അകലം പാലിക്കാത്തതും അപകടത്തിന് കാരണമായതായി പൊലീസ് പറഞ്ഞു.