ദുബായ്: ദുബായില്‍ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മലയാളി ആത്മഹത്യ ചെയ്തു. കൊല്ലം പ്രാക്കുളം സ്വദേശി അശോകന്‍ പുരുഷോത്തമന്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജബല്‍ അലിയിലായിരുന്നു സംഭവമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു. കാലിലെ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന ബസിന് മുകളില്‍ വീണ അദ്ദേഹത്തെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം കൊവിഡ് സംബന്ധമായ ആശങ്കയാണ് മരണ കാരണമെന്ന റിപ്പോര്‍ട്ടുകള്‍ ദുബായ് പൊലീസ് നിഷേധിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മനസിലാകുന്നതെന്നും പൊലീസ് അറിയിച്ചു. ഈ കെട്ടിടത്തില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അത്തരത്തിലുള്ള പ്രശ്നങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ആത്മഹത്യക്ക് കൊവിഡുമായി ബന്ധമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണെന്നും അല്‍ സുവൈദി പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കേസ് പ്രോസിക്യൂഷന് കൈമാറി.

അശോകന്റെ മരണം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും അസ്വഭാവിക മരണമായതിനാല്‍ അധികൃതര്‍ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിക്കിയ ശേഷം കുടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.