കുവൈത്ത്: അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ വീഡിയോ ബ്ലോഗിങ് മത്സരത്തില്‍ വിജയിയായി കുവൈത്തില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ അഖില വിനോദ്. മെയ് 31ന് പ്രധാനമന്ത്രി തുടക്കമിട്ട 'മൈ ലൈഫ്, മൈ യോഗ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മത്സരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് എന്നിവയുടെ പിന്തുണയോടെ ആയുഷ് മന്ത്രാലയമാണ് സംഘടിപ്പിച്ചത്. 

ലോകമെമ്പാടുമുള്ള ആളുകളുടെ പങ്കാളിത്തം ക്ഷണിച്ച മത്സരത്തില്‍ വനിതാ യോഗാ പ്രൊഫഷണല്‍ കാറ്റഗറിയിലാണ് അഖില വിനോദ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ ഡോ അഖിലയുടെ മകളും ഒന്നാം സമ്മാനം കരസ്ഥമാക്കി. ഇന്ത്യന്‍ നാച്ചുറോപ്പതി ആന്‍ഡ് യോഗാ മെഡിക്കല്‍ ഗ്രാജ്യുവേറ്റ്‌സ് അസോസിയേഷന്റെ സജീവ അംഗം കൂടിയാണ് കൊച്ചി സ്വദേശിയായ അഖില.