ഷാര്‍ജ: ലോക്ക്ഡൗണ്‍ കാലം കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമാക്കി മാറ്റി പ്രവാസി മലയാളി പെണ്‍കുട്ടി. ദുബൈയിലെ ജെംസ് അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വിഷ്ണുപ്രിയ പിള്ള ഈ ലോക്ക് ഡൗണ്‍ കാലത്ത് എഴുതിയത് 70 കവിതകളാണ്. 'വിഷ്ണുലോക- മൈ വേള്‍ഡ് ഓഫ് വേര്‍ഡ്സ്' എന്ന് പേരിട്ട കവിതാ സമാഹാരത്തിന്‍റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയുടെ വേദിയില്‍ ഇന്ന് നടക്കും.

എഴുത്തിനോടുള്ള സ്‌നേഹം വളരെ ചെറുപ്പത്തില്‍ തന്നെ പ്രകടിപ്പിച്ച വിഷ്ണുപ്രിയയ്ക്ക് വായനയാണ് പ്രധാന വിനോദം. മാതാപിതാക്കളാണ് വിഷ്ണുപ്രിയയ്ക്ക് എഴുത്തിലുള്ള താല്‍പ്പര്യം കണ്ടെത്തിയത്. അവര്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച്, ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയുടെ വേദിയില്‍ നവംബര്‍ ആറിന് രാത്രി ഏഴ് മണിക്കും 10നും ഇടയിലാണ് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം. അക്ഷരങ്ങളുടെ ലോകത്തേക്ക് തന്നെ നയിച്ച എല്ലാ ഗുരുക്കന്‍മാര്‍ക്കുമാണ് വിഷ്ണുപ്രിയ തന്റെ പുസ്തകം സമര്‍പ്പിക്കുന്നത്. ആമസോണ്‍ ഉള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളില്‍ പുസ്തകം ലഭ്യമാണ്.