മീന്‍പിടിക്കാനായി കടല്‍ത്തീരത്ത് എത്തിയ അഷ്‌റഫ് ഏതാനും മീറ്റര്‍ അകലെ നിന്ന് കരച്ചില്‍ കേട്ടു. കരച്ചില്‍ കേട്ട സ്ഥലത്തേക്ക് ഓടിയ അഷ്‌റഫ് കടലില്‍ ഒരാള്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്.

ദോഹ: ഖത്തറില്‍ കടലില്‍ മുങ്ങിത്താഴാന്‍ പോയ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി പ്രവാസി മലയാളി. മലപ്പുറം കീഴുപറമ്പ് സ്വദേശി കെ ഇ അഷ്‌റഫ് ആണ് കോഴിക്കോട് സ്വദേശികളാണ് രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. ബുധനാഴ്ച രാത്രി അല്‍ ദഖീറയിലെ കടല്‍ത്തീരത്താണ് സംഭവമുണ്ടായത്.

പെരുന്നാള്‍ അവധി ചെലവിടാന്‍ എത്തിയ നിരവധി കുടുംബങ്ങള്‍ ബീച്ചിലുണ്ടായിരുന്നു. മീന്‍പിടിക്കാനായി കടല്‍ത്തീരത്ത് എത്തിയ അഷ്‌റഫ് ഏതാനും മീറ്റര്‍ അകലെ നിന്ന് കരച്ചില്‍ കേട്ടു. കരച്ചില്‍ കേട്ട സ്ഥലത്തേക്ക് ഓടിയ അഷ്‌റഫ് കടലില്‍ ഒരാള്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഇരുട്ടായിരുന്നെങ്കിലും കടലിലേക്ക് എടുത്ത് ചാടി. ഒരാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അല്‍പ്പം അകലെ മറ്റൊരാള്‍ കൂടി മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് ആദ്യം രക്ഷപ്പെടുത്തിയ ആളെ പിന്നാലെ വന്നവര്‍ക്ക് കൈമാറി വീണ്ടും മുമ്പോട്ട് പോയി മറ്റെയാളെ കൂടി രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. 

അഷ്‌റഫിന്റെ സന്ദര്‍ഭോചിതമായ ഇടപെടലും ധീരതയും മൂലം രക്ഷിക്കാനായത് പെരുന്നാള്‍ അവധിക്ക് കുടുംബത്തോടൊപ്പം കടല്‍ത്തീരത്ത് എത്തിയ കോഴിക്കോട് സ്വദേശികളായ ഏഴുവയസ്സുകാരനെയും പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെയുമാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ബിന്‍ ഉംറാന്‍ ഓഫീസില്‍ ജീവനക്കാരനാണ് അഷ്‌റഫ്. അല്‍ദഖീറയിലെ കടലില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും കുട്ടികളുമായി കടല്‍ത്തീരത്ത് എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തീരസുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

(ചിത്രം: അഷ്റഫ്)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona