റിയാദ്: മലയാളി ടാക്‌സി ഡ്രൈവര്‍ ഹൃദയാഘാതം മൂലം ദമ്മാമില്‍ നിര്യാതനായി. പത്ത് വര്‍ഷമായി ദമ്മാമില്‍ സ്വകാര്യ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന എറണാകുളം പല്ലാരിമംഗലം വെയ്റ്റിങ് ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പന്‍ചാലില്‍ ഷഫീഖ് (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാം അബ്ദുല്ല ഫുവാദിലെ താമസസ്ഥലത്ത് നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിയ ഉടനെ മരണം സംഭവിക്കുകയുമായിരുന്നു.

അബ്ദുല്‍ കരീം, ആമിന ദമ്പതികളുടെ മകനാണ് ഷഫീഖ്. കോതമംഗലം കാലാമ്പൂര്‍ സ്വദേശിനി ഷഫീനയാണ് ഭാര്യ. അഞ്ചു വയസ്സുകാരന്‍ മുഹമ്മദ് നിഹാല്‍, ഒരു വയസ്സുകാരന്‍ മുഹമ്മദ് നഹാന്‍ എന്നിവര്‍ ആണ്‍മക്കളാണ്. ഷരീഫ്, ഷറീന എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കം, സക്കീര്‍ അടിമ പെരുമ്പാവൂര്‍, സുഹൃത്ത് ഹുസൈന്‍ പല്ലാരിമംഗലം എന്നിവര്‍ രംഗത്തുണ്ട്.