ദുബൈ: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ദുബൈയില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി രോഹിത് രാജ് ജോണാണ്(33) മരിച്ചത്. 

ട്രാവല്‍ എക്‌സിക്യൂട്ടീവായ രോഹിത് ഭാര്യയുടെ പ്രസവത്തിനായാണ് നാട്ടിലേക്ക് മടങ്ങിയത്. വന്ദേ ഭാരത് വിമാനത്തില്‍ നാട്ടിലെത്തിയ രോഹിതിന്റെ ഭാര്യ സെപ്തംബറില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇതില്‍ ഒരു കുഞ്ഞ് പ്രസവത്തോടെ തന്നെ മരിച്ചു. രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഭാര്യയ്ക്കുമൊപ്പം നാട്ടില്‍ കഴിയുന്നതിനിടെയാണ് അപകടമുണ്ടായത്. ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.

കുറേ സമയമായിട്ടും രോഹിതിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടുകാര്‍ ഇദ്ദേഹത്തെ റോഡില്‍ വീണ് ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ക്ലിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട കാരണം വ്യക്തമല്ല. റോഡിലെ വെള്ളത്തില്‍ ബൈക്ക് തെന്നി അപകടമുണ്ടായതാണെന്നാണ് നിഗമനം.