റിയാദ്: മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടിൽ അബ്ദുൽ സലാം (50) കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

വീട്ടിൽ വിശ്രമത്തിൽ കഴിയുമ്പോൾ രണ്ടാമതും ഹൃദയാഘാതം സംഭവിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 22 വർഷമായി ജുബൈലിൽ ഉള്ള അബ്ദുൽ സലാം 18 വർഷമായി ഒരു റസ്റ്റോറന്റിൽ ജീവനക്കാരനാണ്. രണ്ടുവർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. പിതാവ് മുഹമ്മദാലി ജുബൈലിൽ ജോലി ചെയ്തിരുന്നു. മാതാവ്: സൽ‍മാബി. ഭാര്യ: സറഫുന്നീസ. മക്കൾ: ഫസൽ, ഫസ്‌ന, ഫഹദ്. സഹോദരങ്ങൾ: റജീന, നസീർ.