റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി  മരിച്ചു. മക്കക്കടുത്ത് ജുമൂമിലുണ്ടായ വാഹനാപകടത്തിൽ തൃശൂര്‍ ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാർ (49) ആണ് മരിച്ചത്. അൽശുഐബ റോഡിൽ ഫൈവ് സ്റ്റാർ പെട്രോൾ സ്റ്റേഷന് സമീപം ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തീപിടുത്തമുണ്ടാവുകയും അതിൽപെട്ട് സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. 

അപകടത്തിൽ മറ്റു രണ്ട് പേർ കൂടി മരിച്ചിട്ടുണ്ടെങ്കിലും അവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തതയില്ല. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് പേർ മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലാണ്. 13 വർഷത്തോളമായി നാദക്ക് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു മരിച്ച ബിനോജ് കുമാർ. പിതാവ്: അയ്യപ്പൻ, മാതാവ്: ദാക്ഷായണി, ഭാര്യ: ഷിൽജ, മക്കൾ: മിലന്ദ് കുമാർ, വിഷ്ണു. സഹോദരങ്ങൾ: ഉണ്ണി, സുശീല. മക്ക കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി രംഗത്തുള്ള സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.