റിയാദ്: മലയാളി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. ജിദ്ദ- ഇർഫാൻ ആശുപത്രിക്ക് സമീപം സിത്തീൻ റോഡിലാണ് മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ  മങ്ങാട്ടുചാലിൽ എം.സി. മുഹമ്മദ് ഷാ ഹാജിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (47) വാഹനം ഇടിച്ച് മരിച്ചത്. ജിദ്ദയിൽ ഭക്ഷ്യധാന്യങ്ങൾ പൊടിച്ച് നൽകുന്ന കട നടത്തിവരികയായിരുന്നു. 

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി ഡോക്ടറെ കാണുകയും ക്വാറന്റീനിൽ പോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രാത്രിയിൽ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു. 19 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം  ഫൈസലിയയിൽ ബന്ധുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. 

മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ സലീല. മക്കൾ: ഹിബ മറിയം, ഹിഷാം. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല,  അബ്ദുറഹ്മാൻ, ഉമ്മർ, ആയമ്മ, ഫാത്തിമ, ആമിന, ഖദീജ. ഇർഫാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും. കെ.എം.സി.സി പ്രവർത്തകരായ നാസർ ഒളവട്ടൂർ, സിദ്ദീഖ് ഒളവട്ടൂർ, മുസ്തഫ ഒളവട്ടൂർ, അസ്‌കർ ഒളവട്ടൂർ, ശരീഫ്, കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ എന്നിവർ രംഗത്തുണ്ട്.