റിയാദ്: സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ ജെ.സി.ബിയുടെ അടിയിൽപെട്ട് മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം ശാസ്‌താംകോട്ട, പള്ളിശ്ശേരിക്കൽ വട്ടവിള സ്വദേശി പയ്യല്ലൂർ കിഴക്കതിൽ വീട്ടിൽ ഷാജഹാൻ (46) ആണ് മരിച്ചത്. അശ്രദ്ധമായി പിന്നിലേക്കെടുത്ത ജെ.സി.ബി തട്ടി നിലത്തുവീണ ഷാജഹാന്റെ തലയിലൂടെ ജെ.സി.ബി കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. 25 വർഷത്തിലേറെയായി ഒരേ സ്പോൺസറുടെ കീഴിൽ ഖഫ്ജിയിൽ തന്നെ ജോലി ചെയ്തുവരുന്ന ഷാജഹാൻ ഉടനെ നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഇവിടെ ഒരു വിശ്രമകേന്ദ്രത്തിലായിരുന്നു (ഇസ്തിറാഹ) ജോലി. ഭാര്യ: നസീമ ബീവി. മക്കൾ: മുഹമ്മദ് ഷാൻ, മുഹമ്മദ് ഷഫീഖ്, സജ്‌ന. മൃതദേഹം ഖഫ്ജിയിൽ ഖബറടക്കും.