റിയാദ്​: സൗദി അറേബ്യയിൽ ഉച്ച ഭക്ഷണം കഴിച്ച്​ മയങ്ങുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. അൽഖസീം പ്രവിശ്യയിലെ ഉനൈസയിലാണ് സംഭവം. പാലക്കാട്​ മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശി കല്ലുടുമ്പിൽ പരേതനായ അലവു മകൻ ഷറഫുദ്ദീൻ (38) ആണ് മരിച്ചത്.

ഉനൈസ സനാഇയ മാർക്കറ്റിൽ മത്സ്യവിൽപന കടയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ഉനൈസയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. വിശദമായ പരിശോധന വേണമെന്ന് നിർദേശിച്ചാണ് ഡോക്ടർ പറഞ്ഞയച്ചത്. ഉച്ചഭക്ഷണം കഴിക്കാൻ മുറിയിലെത്തിയ ശേഷം വിശ്രമിക്കുകയായിരുന്നു.

സമയം കഴിഞ്ഞിട്ടും ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ മുറിയിൽ വന്നു നോക്കിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഏഴു വർഷത്തോളമായി ഉനൈസയിലുള്ള ശറഫുദ്ദീൻ അവസാനം അവധിക്ക് നാട്ടിൽ പോയി വന്നിട്ട് ഏഴു മാസമായി.

ഭാര്യ: സുനീറ, മക്കൾ ഹന ഷെറിൻ, അബ്ദുസ്സലാം, മുഹമ്മദ് ഷാമിൽ. മാതാവ്: പരേതയായ ഖദീജ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് സഹോദര പുത്രൻ റാഷിദ് പറഞ്ഞു. മരണ വിവരമറിഞ്ഞ് അടുത്ത ബന്ധുക്കൾ ഉനൈസയിൽ എത്തിയിട്ടുണ്ട്. ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.