ദമ്മാം: മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ദമ്മാമിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് വാജിദ് (23) ആണ് മരിച്ചത്.

ജോലിക്ക് ശേഷം വിശ്രമിക്കാനായി  ഉച്ചയ്ക്ക് മുറിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുളിമുറിയില്‍ നിന്ന് നിരന്തരം മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. എട്ടുമാസം മുമ്പാണ് വാജിദ് ദമ്മാമിലെത്തിയത്. പിതാവ് അബ്‍ദുല്‍ ലത്തീഫ് സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.