റിയാദ്: കൊവിഡ് 19 ബാധിച്ച്  സൗദി അറേബ്യയില്‍ മലയാളി മരിച്ചു. കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ 10 ദിവസമായി ചികിത്സയിലായിരുന്ന ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44) ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് സുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ മരിച്ചത്.

റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഇദ്ദേഹം അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാടും ഡൊമിനിക് സാവിയോയും നടത്തിയ അന്വേഷണത്തിലാണ് ഈ മാസം 17ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ കണ്ടെത്തിയത്. കൊവിഡ് പോസിറ്റീവായ ഇദ്ദേഹത്തിന്റെ ഇരുവൃക്കകളുടെ പ്രവര്‍ത്തനത്തേയും രോഗം ബാധിച്ചിരുന്നു.  

അഞ്ചുവര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍: ഷാജി, റഷീദ് (ജീസാന്‍), സലീം (ത്വാഇഫ്), ശിഹാബ് (അബഹ). മൃതദേഹം കോവിഡ് പ്രോേട്ടാക്കോള്‍ പ്രകാരം റിയാദില്‍ ഖബറടക്കാന്‍ ശിഹാബ് കൊട്ടുകാടിനോടൊപ്പം ഒഐസിസി നേതാവ് മജീദ് ചിങ്ങോലിയും രംഗത്തുണ്ട്.