ബുറൈദ: ജോലിക്കിടെ ക്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി ബുറൈദയിലെ ആശുപത്രിയിൽ മരിച്ചു. സൗദി സ്വദേശി നടത്തുന്ന അൽറഹുജി ക്രെയിൻ സർവീസിൽ മെക്കാനിക്കായ പാലക്കാട് കൊടുവായൂർ പെരുവമ്പ് സ്വദേശി മുരളീ മണിയൻ കിട്ട (50) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനിൽ നിന്നും തെന്നി വീണ് കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേൽക്കുകയായിരുന്നു.

ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. എട്ടുവർഷമായി ഇതേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നു. 10 മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിലാണ്. ആദ്യം മുതലേ സഹായത്തിനും മരണാനന്തര നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും രംഗത്തുള്ളത് ബുറൈദ കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാൻ ഫൈസൽ അലത്തൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹി സക്കീർ മാടാല എന്നിവരാണ്.