വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണുള്ളത്. നേരത്തെ 14 ദിവസമായിരുന്നത് പിന്നീട് ഏഴ് ദിവസമാക്കി ചുരുക്കുകയും ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റീന്‍ തുടരണമെന്നുമാണ് നിര്‍ദേശം. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിങ്ങനെ പ്രത്യേക സാഹചര്യത്തിലുള്ളവര്‍ക്ക് മാത്രമാണ് ഇതിന് ഇളവുള്ളത്. 

ദുബായ്: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഇനി മുതല്‍ ക്വാറന്റീന്‍ ചെലവും സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയാവും. കൊവിഡ് പ്രതിസന്ധി കാരണം മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന നിരവധിപ്പേരാണ് വിവിധ രാജ്യങ്ങളിലുള്ളത്. പലരുടെയും കാരുണ്യത്താല്‍ നാട്ടിലെത്തുന്നവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന് കൂടി പണം കണ്ടെത്തേണ്ടി വരുന്നത് ഇരട്ടി ദുരിതമാവും സമ്മാനിക്കുക.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണുള്ളത്. നേരത്തെ 14 ദിവസമായിരുന്നത് പിന്നീട് ഏഴ് ദിവസമാക്കി ചുരുക്കുകയും ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റീന്‍ തുടരണമെന്നുമാണ് നിര്‍ദേശം. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിങ്ങനെ പ്രത്യേക സാഹചര്യത്തിലുള്ളവര്‍ക്ക് മാത്രമാണ് ഇതിന് ഇളവുള്ളത്. അല്ലാത്തവരെയെല്ലാം സര്‍ക്കാര്‍ തന്നെ പ്രത്യേക വാഹനങ്ങളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും നേരിട്ട് മാറ്റും.

സാമ്പത്തിക പ്രയാസമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്നാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ജോലി നഷ്ടമായി മറ്റൊരു മാര്‍ഗവുമില്ലാതെ എത്തുന്നവരടക്കം എല്ലാവരും ചിലവ് വഹിക്കേണ്ടിവരുമെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് പേര്‍ സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇതല്ലാതെ വഴിയില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഈ മാസമാദ്യം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ ടിക്കറ്റ് ചിലവും ക്വാറന്റീന്‍ ചെലവും മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ക്വാറന്റീന്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇന്നുവരെയും സംസ്ഥാനത്തെത്തിയ പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ സൗകര്യം ലഭിച്ചത്.

കൊവിഡ് വ്യാപനം ആരംഭിച്ച ശേഷം ജോലി നഷ്ടപ്പെട്ട് ഭക്ഷണമോ താമസ സ്ഥലമോ ഇല്ലാതെ ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍. മാസങ്ങളായി പലരും സുഹൃത്തുക്കളോ സന്നദ്ധ സംഘനടകളോ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് മറ്റ് നിവൃത്തിയില്ലാതെ കഴിഞ്ഞുകൂടുന്നത്. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുക്കാന്‍ പോലും പണമില്ലാത്ത ഇത്തരക്കാര്‍ ഏതെങ്കിലും സംഘടകളോ സ്ഥാപനങ്ങളോ നല്‍കുന്ന ടിക്കറ്റുമായാണ് എങ്ങനെയെങ്കിലും നാട്ടിലേക്കുള്ള വിമാനം കയറുന്നത്. 

രോഗികളും തൊഴില്‍ നഷ്ടപ്പെട്ടവരും അടക്കമുള്ള മുന്‍ഗണനാ വിഭാഗത്തിന് പോലും ഇളവില്ലെന്ന് വരുമ്പോള്‍ നിരവധിപ്പേരുടെ മടക്കം ചോദ്യചിഹ്നമാവും. ജോലിയുമില്ല, ഗള്‍ഫില്‍ നില്‍ക്കാന്‍ പണവുമില്ല, നാട്ടിലേക്കും മടങ്ങാനാവുന്നില്ലെന്ന സ്ഥിതിയിലേക്കാവും കാര്യങ്ങളുടെ പോക്ക്. പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്ന് കെ.എം.സി.സിയും ഒ.ഐ.സി.സിയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചു. പ്രവാസികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കെങ്കിലും സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റീന്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ അത്തരക്കാര്‍ക്ക് നാട്ടിലെത്താനുള്ള വഴികള്‍ കൂടുതല്‍ ദുര്‍ഘടമാവുകയായിരിക്കും ഫലം.