Asianet News MalayalamAsianet News Malayalam

നാട്ടിലായിരുന്നപ്പോൾ ഷാർജയിൽ നടന്ന കൊലയ്ക്ക് ജയിലിൽ, ഫസലുറഹ്മാന്‍റെ ദുരിത ജീവിതം

ഷാര്‍ജയില്‍ വച്ച് ഫാദി മുഹമ്മദ് അല്‍ ബെയ്റൂട്ടി എന്ന നെതര്‍ലന്‍റ് സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍ കൊലപാതകം നടന്ന ദിവസം മകന്‍ നാട്ടിലായിരുന്നുവെന്ന് അമ്മ ആയിശാബീവി പറയുന്നു.

keralite fasalurahman jailed in sharjah for murder when he was at home in kerala
Author
Sharjah - United Arab Emirates, First Published Jul 11, 2021, 10:04 AM IST

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാന്‍ നാലര വര്‍ഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ കൊലക്കുറ്റത്തിന് ഷാര്‍ജയിലെ ജയിലിലാണ്. സംഭവ ദിവസം ഇന്ത്യയിലായിരുന്നിട്ടും രേഖകള്‍ ഹാജരാക്കാത്താണ് ഫസലുറഹ്മാന് തിരിച്ചടിയായത്. ഇനി നാല്‍പ്പത് ലക്ഷത്തോളം രൂപ നല്‍കിയാലേ മോചനം സാധ്യമാവൂ. ഈ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് ഫസലുറഹ്മന്‍റെ ദരിദ്ര കുടുംബം.

നാലര വര്‍ഷമായി ഷാര്‍ജ ജയിലിലാണ് ഇവരുടെ മകന്‍ കൊടുവള്ളി ആവിലോറ സ്വദേശി സയ്യിദ് ഫസലുറഹ്മാന്‍. കുറ്റം കൊലപാതകം. ഷാര്‍ജയില്‍ വച്ച് ഫാദി മുഹമ്മദ് അല്‍ ബെയ്റൂട്ടി എന്ന നെതര്‍ലന്‍റ് സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍ കൊലപാതകം നടന്ന ദിവസം മകന്‍ നാട്ടിലായിരുന്നുവെന്ന് ആയിശാബീവി പറയുന്നു. ഇത് ശരിവയ്ക്കുന്നതാണ് കോഴിക്കോട് റൂറല്‍ എസ്.പി നോര്‍ക്കയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട്.

ഫാദി മുഹമ്മദ് അല്‍ ബെയ്റൂട്ടി കൊല്ലപ്പെടുന്നത് 2007 ഫെബ്രുവരി 27 ന്. അന്വേഷണം നടന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ല്‍ അറസ്റ്റ്. കൊല്ലപ്പെട്ടയാളുടെ ശുചിമുറിയില്‍ ഫസലുറഹ്മാന്‍റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഫാദി മുഹമ്മദിന്‍റെ വീട്ടില്‍ ഫസലുറഹ്മാന്‍ ശുചീകരണ ജോലിക്ക് പോകാറുണ്ടായിരുന്നെന്നും അങ്ങിനെയാണ് വിരലടയാളം പതിഞ്ഞതെന്നും ബന്ധുക്കള്‍ വിശദീകരിക്കുന്നു.

കൊലപാതകം നടന്ന ദിവസം ഫസലുറഹ്മാന്‍ കേരളത്തിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ ആകാതിരുന്നതിനാല്‍ ഷാര്‍ജ കോടതി ശിക്ഷ വിധിച്ചു. അ‌ഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം ദിര്‍ഹം അതായത് ഏകദേശം 40 ലക്ഷം രൂപ പിഴയും. ശിക്ഷാ കാലാവധി കഴിയാറായിട്ടും 40 ലക്ഷം രൂപ നല്‍കാനില്ലാത്തതിനാല്‍ ഇദ്ദേഹത്തിന്‍റെ മോചന സാധ്യത തെളിഞ്ഞിട്ടില്ല.

2007 ന് ശേഷം നിരവധി തവണ യു.എ.ഇ സന്ദര്‍ശിച്ചിട്ടുണ്ട് സയ്യിദ് ഫസലുറഹ്മാന്‍. കൊലപാതകം നടത്തിയ ആളാണെങ്കില്‍ വീണ്ടും യു.എ.ഇയിലേക്ക് പോകുമോ എന്നാണ് ബന്ധുക്കളുടെ ചോദ്യം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios