ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയായ ബിനുപോള്‍-മേരി ദമ്പതികളുടെ മകള്‍ സമീക്ഷാ പോള്‍ (15) ആണ് മരിച്ചത്. അല്‍ താവുനില്‍ കുടുംബം താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് താഴേക്ക് വീണാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

അപ്പാര്‍ട്ട്മെന്റിന് താഴെയുള്ള സ്ഥലത്ത് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയ പരിസരത്തുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി അല്‍ ഖാസിമിയ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

രാത്രി 2.30ഓടെ മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കളും സഹോദരിയും അപ്പാര്‍ട്ട്മെന്റില്‍ ഉറങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ സംഭവമറിഞ്ഞത്. രാത്രി തങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ മകള്‍ ടി.വി കാണുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

കുടുംബത്തിന്റെ മൊഴികള്‍ പ്രകാരം, സംഭവം അപകടമാകാന്‍ സാധ്യതയുണ്ടെന്നും കേസില്‍ തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ബുഹൈറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്മാന്‍ ഭവന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സമീക്ഷ, ഒന്‍പതാം ക്ലാസ് പൂര്‍ത്തിയാക്കി പത്തിലേക്ക് പ്രവേശനം നേടിയിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് പിതാവ് ബിനു പോള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.