ലണ്ടന്‍: ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയുടെ ഫൈനലില്‍ തിളങ്ങാന്‍ യുകെയിലെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍. ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020(ബിജിടി) എന്ന ഷോയുടെ സെമി ഫൈനലില്‍ വിധികര്‍ത്താക്കളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി സൗപര്‍ണികയെ തെരഞ്ഞെടുത്തു.

പ്രവാസി മലയാളികളുടെ അഭിമാനമാവുകയാണ് സൗപര്‍ണിക. എ.ആര്‍.റഹ്മാനെയും മോഹന്‍ലാലിനെയും ഈ കൊച്ചുമിടുക്കി അതിശയിപ്പിച്ചിരുന്നു. ഇന്നലെ നടന്ന സെമി ഫൈനല്‍സില്‍ വിധികര്‍ത്താക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് പത്തു വയസ്സുകാരിയായ സൗപര്‍ണിക.

പത്ത് പേരാണ് ഷോയുടെ ഫൈനല്‍സില്‍ എത്തുക. 5 പേരെ വിധികര്‍ത്താക്കള്‍ നേരിട്ട് ഫൈനലിലേക്ക് തെരഞ്ഞെടുത്തു. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള 5 പേര്‍ക്കുള്ള പ്രവേശനം. സൗപര്‍ണികയ്ക്ക് ഫൈനലില്‍ മാറ്റുരയ്ക്കാന്‍ പ്രേക്ഷകരുടെ പിന്തുണ കൂടി വേണം. നാളെ രാവിലെ 10മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമാണ് വോട്ടുചെയ്യാന്‍ അവകാശം.  ബിജിടി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയാണ് വോട്ട് ചെയ്യേണ്ടത്. ഓരോ ഡിവൈസില്‍നിന്നും അഞ്ചുവീതം വോട്ടുകള്‍ ഫ്രീയായി ചെയ്യാം.

അടുത്തമാസം പത്തിനാണ് ഫൈനല്‍. എട്ടുപേർ വീതം പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ സെമിഫൈനൽ മൽസരങ്ങളിൽനിന്നും ജയിച്ചുവരുന്ന പത്തുപേരാകും ഫൈനലിൽ ഏറ്റുമുട്ടുക. ആഡന്‍ ബ്‌റൂക്സ് ആശുപത്രയില്‍ ഡോക്ടറായ കൊല്ലം സ്വദേശി ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക. ആറാം ക്ലാസുകാരിയായ സൗപര്‍ണിക പാട്ട് പഠിക്കുന്നുണ്ട്.