റിയാദ്: ജോലിക്കിടയില്‍ തെന്നിവീണ് തലച്ചോറിന് ക്ഷതമേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.  മലപ്പുറം ചെമ്മാട് സ്വദേശിയും വെളിമുക്കില്‍ സ്ഥിരതാമസക്കാരനുമായ ഫൈസല്‍ പറമ്പന്‍ (42) ആണ് റിയാദ് മന്‍ഫുഅയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ മരിച്ചത്. സിസി  ടിവി ടെക്‌നീഷ്യനായ ഫൈസല്‍ ഈ മാസം 16ന് മന്‍ഫുഅ ഹരാജിലുള്ള ഒരു കടയില്‍ കാമറകള്‍ ഘടിപ്പിക്കുന്നതിനിടയില്‍ തലകറക്കമുണ്ടായി മൂന്ന് മീറ്റര്‍ ഉയരമുള്ള  കോണിയില്‍ നിന്ന് നിലത്തുവീഴുകയായിരുന്നു.

വീഴുന്നതിനിടയില്‍ തല കോണ്‍ക്രീറ്റ് പടിക്കെട്ടില്‍ ഇടിച്ച് ഗുരുതര പരിക്കേറ്റു. അപ്പോള്‍ തന്നെ ബോധം നഷ്ടപ്പെടുകയും  ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 10 ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും ബോധം തെളിഞ്ഞില്ല. രണ്ട് ദിവസം മുമ്പ്  മസ്തിഷ്‌ക മരണം സംഭവിച്ചു. വ്യാഴാഴ്ച മരണം സ്ഥിരീകരിച്ചു. മൃതദേഹം റിയാദില്‍ ഖബറടക്കും. 2003 മുതല്‍ റിയാദില്‍ പ്രവാസിയാണ് ഫൈസല്‍. സാമൂഹിക  പ്രവര്‍ത്തകന്‍ കൂടിയായ യുവാവ് ചെമ്മാട് പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനാണ്. പറമ്പന്‍ മൊയ്ദീന്‍, ഫാത്വിമ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ:  ഫസീല യാറത്തുംപടി, മക്കള്‍: ഫസല്‍ നിഹാന്‍, ഫിസാന ഫെമി, ഫൈസന്‍ ഫൈസല്‍. സഹോദരന്‍ ശംസുദ്ദീന്‍ പറമ്പന്‍ റിയാദിലുണ്ട്.

മരണാനന്തര നിയമനടപടികള്‍  പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ചെമ്മാട് കൂട്ടായ്മ പ്രസിഡന്റ് സി.പി. മുസ്തഫ, ജനറല്‍ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പന്‍,  സെക്രട്ടറി മുനീര്‍ മക്കാനിയത്ത് എന്നിവര്‍ രംഗത്തുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ ബന്ധുക്കള്‍ അവയദാനത്തിന് അനുമതി നല്‍കിയിരുന്നു. വ്യാഴാഴ്ച മരണം  സ്ഥിരീകരിച്ചതോടെ റിയാദിലെ ആശുപത്രിയില്‍ അവയവദാനം നടത്തി. അഞ്ചുപേര്‍ക്കാണ് ഫൈസലിന്റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്.