Asianet News MalayalamAsianet News Malayalam

യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ മലയാളി നഴ്സിന് വധശിക്ഷ

യെമന്‍ സ്വദേശിയായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പെച്ചന്നാണ് കേസ്.

keralite  nurse in Yemen got death penalty for murdering husband
Author
Yemen, First Published Aug 19, 2020, 5:14 PM IST

യെമന്‍: യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമന്‍ കോടതി ശരിവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലപാതകത്തിന് കൂട്ടുനിന്ന നഴ്‌സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. 2017ലാണ് നിമിഷയ്‌ക്കൊപ്പം സനായില്‍ ക്ലിനിക്ക് നടത്തിയിരുന്ന തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിമിഷ ആരോപിച്ചിരുന്നു. 

പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് നിമിഷ പ്രിയ സഹായം തേടി നേരത്തെ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 70 ലക്ഷം രൂപയോളം ആവശ്യപ്പെട്ടിരുന്നു. വിധിയില്‍ അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios